യു.എ.ഇ.യിലെ നഗരങ്ങൾ തമ്മിലുള്ള ദൂരം കുറയുന്നു

To advertise here,

ദുബായ് : യു.എ.ഇ. യുടെ ദേശീയ പാസഞ്ചർ റെയിൽ ശൃംഖലയുടെ വികസനത്തിൽ നിർണായക നാഴികക്കല്ലായി ഇത്തിഹാദ് റെയിൽ ദുബായ് സ്റ്റേഷൻ പ്രൗഢഗംഭീരമായി ഉദ്ഘാടനം ചെയ്തു. യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഇത്തിഹാദ് റെയിൽ ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചേർന്നാണ് തിങ്കളാഴ്ച സ്റ്റേഷന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.

ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നോടിയായി യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിൽനിന്ന് ദുബായിലേക്ക് ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്തു. ട്രെയിനിലെ പ്രവർത്തന സംവിധാനങ്ങളും യാത്രക്കാർക്കായി സജ്ജീകരിച്ചിട്ടുള്ള ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളും അദ്ദേഹം വിലയിരുത്തി. സ്റ്റേഷനിലെത്തിയ പ്രസിഡന്റ് പദ്ധതിയുടെ ഭാഗമായ സ്വദേശി യുവ എൻജിനിയർമാരെയും ജീവനക്കാരെയും അഭിനന്ദിക്കുകയും ചെയ്തു.

ദുബായ് മെട്രോയുമായി ബന്ധിപ്പിച്ച് ഒറ്റ ക്യു.ആർ. കോഡിൽ യാത്ര

ദുബായ് ഇത്തിഹാദ് റെയിൽ സ്റ്റേഷനെ ദുബായ് മെട്രോയുടെ 'ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സ്' സ്റ്റേഷനുമായി പ്രത്യേക കാൽനടപ്പാലം വഴി നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമേ, ദുബായ് ആർ.ടി.എയുടെ 'നോൽ കാർഡ് പ്ലാറ്റ്ഫോമുമായി ഇത്തിഹാദ് റെയിൽ സംയോജിപ്പിച്ചു. ഇതോടെ ഒറ്റ ക്യു.ആർ കോഡ് ഉപയോഗിച്ച് തന്നെ ഇത്തിഹാദ് റെയിലിലും തുടർന്ന് ദുബായ് മെട്രോ, ട്രാം, ബസ് എന്നിവയിലും തടസ്സമില്ലാതെ യാത്ര ചെയ്യാൻ സാധിക്കും. ദുബായിയെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്നത് എമിറേറ്റിന്റെ സാമ്പത്തിക, ടൂറിസം, നിക്ഷേപ മേഖലകൾക്ക് വൻ കുതിപ്പേകുമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. രാജ്യത്തെ പ്രധാന നഗരങ്ങളെയും എമിറേറ്റുകളെയും തമ്മിൽ മിനിറ്റുകൾക്കുള്ളിൽ ബന്ധിപ്പിക്കുന്ന ഈ പാസഞ്ചർ ട്രെയിൻ പദ്ധതി യു.എ.ഇയുടെ പ്രവാസികൾക്കും സ്വദേശികൾക്കും യാത്രാസൗകര്യത്തിൽ പുതിയൊരു അനുഭവമായിരിക്കും സമ്മാനിക്കുക.

നാളെമുതൽ സർവീസ്: ടിക്കറ്റ് 39 ദിർഹത്തിൽ ആരംഭിക്കുന്നു

: അബുദാബി, ദുബായ്, ഫുജൈറ എമിറേറ്റുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പൊതു പാസഞ്ചർ സർവീസുകൾ ഈ മാസം 30 മുതൽ പൂർണതോതിൽ ആരംഭിക്കും.

സുഖകരമായ യാത്ര ഉറപ്പുനൽകുന്ന 'കംഫർട്ട് ക്ലാസിന്' 39 ദിർഹം മുതലും, ഉയർന്ന യാത്രാസൗകര്യമുള്ള 'പ്രീമിയം ക്ലാസിന്' 109 ദിർഹം മുതലുമാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. ഇത്തിഹാദ് റെയിൽ ആപ്പ്, വെബ്സൈറ്റ്, സ്റ്റേഷനുകളിലെ ടിക്കറ്റ് മെഷീനുകൾ എന്നിവ വഴി യാത്രക്കാർക്ക് ബുക്കിങ് നടത്താം. ഇത്തിഹാദ് റെയിലും കീഓലിസും സംയുക്തമായി രൂപവത്കരിച്ച 'ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസസ്' ആണ് ട്രെയിൻ സർവീസുകൾ നിയന്ത്രിക്കുന്നത്. അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലുള്ള സർവീസുകൾക്ക് ലഭിച്ച വൻ ജനപ്രീതി, പുതിയ പൊതുഗതാഗത സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസ്യതയാണ് കാണിക്കുന്നതെന്ന് ശൈഖ് തിയാബ് വ്യക്തമാക്കി.