ദുബായ്: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഉയർന്ന തലത്തിൽ തുടരുന്ന സാഹചര്യത്തിൽ യു.എ.ഇയിൽ ഒക്ടോബർ മാസത്തിൽ ഇന്ധനവില വീണ്ടും വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. സെപ്റ്റംബറിലെ ഭൂരിഭാഗം ദിവസങ്ങളിലും ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ രേഖപ്പെടുത്തിയതാണ് തിരിച്ചടിയാകുന്നത്. ആഗോള വിപണിയിലെ വിലവ്യതിയാനങ്ങൾക്ക് അനുസൃതമായാണ് യു.എ.ഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി പ്രതിമാസ ഇന്ധനനിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നത്. തിങ്കളാഴ്ച ബ്രെന്റ് ക്രൂഡ് ഓയിൽ വില രണ്ട് ശതമാനത്തിലധികം വർധിച്ച് ബാരലിന് 107 ഡോളറിലെത്തി. മിഡിലീസ്റ്റിലെ പ്രാദേശിക സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്തുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഫെബ്രുവരി അവസാനം രേഖപ്പെടുത്തിയ 72 ഡോളറിനേക്കാൾ 50 ശതമാനത്തോളം ഉയർന്ന നിരക്കിലാണ് നിലവിൽ ക്രൂഡോയിൽ വ്യാപാരം നടക്കുന്നത്.

സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.80 ദിർഹവും, സ്‌പെഷ്യൽ 95 ന് 3.69 ദിർഹവും, ഇ-പ്ലസ് 91 ന് 3.61 ദിർഹവും, ഡീസലിന് 4.30 ദിർഹവുമാണ് നിലവിലെ (സെപ്റ്റംബർ) നിരക്ക്. മുൻ മാസങ്ങളെ അപേക്ഷിച്ച് നിരക്കുകൾ ഉയർന്നതാണെങ്കിലും, ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ ജൂണിലെ വിലയേക്കാൾ താഴെയാണ് നിലവിലുള്ളത്. വിലയിൽ ഏതാനും ഫിൽസുകളുടെ വർധനവ് ഉണ്ടായാൽപ്പോലും സാധാരണക്കാരായ വാഹന ഉടമകളുടെ ബജറ്റിനെ അത് നേരിട്ട് ബാധിക്കും. ഉദാഹരണത്തിന്, ലിറ്ററിന് 10 ഫിൽസ് വർധിച്ചാൽ 60 ലിറ്റർ ടാങ്ക് ശേഷിയുള്ള വാഹനത്തിന് ആറ് ദിർഹവും 80 ലിറ്റർ ടാങ്കിന് എട്ട് ദിർഹവും അധികമായി നൽകേണ്ടി വരും. 20 ഫിൽസിന്റെ വർധനവാണ് ഉണ്ടാകുന്നതെങ്കിൽ യഥാക്രമം 12 ദിർഹവും 16 ദിർഹവും അധികച്ചെലവ് വരും.

അതേസമയം, സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ പ്രവർത്തനം പുനരാരംഭിച്ചത് ആഗോള തലത്തിൽ എണ്ണലഭ്യത ഉറപ്പാക്കാനും വിലക്കയറ്റത്തിന്റെ തോത് കുറയ്ക്കാനും സഹായിച്ചേക്കാം. ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കാതെ ചെങ്കടൽ തുറമുഖമായ യാൻബു വഴി എണ്ണ കയറ്റുമതി ചെയ്യാൻ ഇത് സൗദിയെ സഹായിക്കുന്നുണ്ട്. ഇതിനുപുറമേ യു.എസ്-ഇറാൻ നയതന്ത്ര ചർച്ചകളിലെ പുരോഗതിയും വരും ദിവസങ്ങളിലെ എണ്ണവിലയെ സ്വാധീനിക്കും. വരുന്ന ഏതാനും ദിവസങ്ങളിലെ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ വിലയിരുത്തിയാകും ഒക്ടോബറിലെ അന്തിമ ഇന്ധനനിരക്ക് യു.എ.ഇ പ്രഖ്യാപിക്കുക.

 

To advertise here,