പദ്ധതിക്ക് അംഗീകാരം നൽകി ഷാർജ ഭരണാധികാരി
ദുബായ് : പച്ചപ്പുനിറഞ്ഞ പർവതനിരകളും ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടങ്ങളും ജലപാതകളും കോർത്തിണക്കി കിഴക്കൻ തീരനഗരമായ കൽബയെ ലോകോത്തര കുടുംബ-പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്ന സുപ്രധാന പദ്ധതി പ്രഖ്യാപിച്ചു.
കൽബയിലെ അൽ മർഷ് സ്ക്വയറിന് സമീപം വൻകിട വിനോദസഞ്ചാര-വിശ്രമ കേന്ദ്രമായ 'അൽ ഫ്രൈഷ് തടാകം' നിർമിക്കുന്നതിനുള്ള പദ്ധതിക്ക് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. ഷാർജ റേഡിയോയിലെയും ടെലിവിഷനിലെയും 'ഡയറക്ട് ലൈൻ' പരിപാടിയിലൂടെയാണ് ശൈഖ് സുൽത്താൻ പുതിയ പദ്ധതിയുടെ വിവരങ്ങൾ പുറത്തുവിട്ടത്.
വിശാലമായ തടാകവും മനോഹരമായ വെള്ളച്ചാട്ടങ്ങളും
കൽബ നഗരത്തിലെ അൽ മർഷ് സ്‌ക്വയറിന് പിന്നിലായി ഏകദേശം 750 മീറ്റർ നീളത്തിലും 51,200 ചതുരശ്ര മീറ്റർ വിസ്തൃതിയിലുമാണ് അൽ ഫ്രൈഷ് തടാകം ഒരുങ്ങുന്നത്. 2.8 കോടി ഗാലൻ വെള്ളം സംഭരിക്കാൻ ശേഷിയുള്ളതാണ് ഈ തടാകം.
പദ്ധതി പ്രദേശത്തുള്ള പർവതങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്. പച്ചപ്പിലൂടെ ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടങ്ങൾ കടലിലേക്ക് സഞ്ചരിക്കുന്ന രീതിയിലാണ് രൂപകൽപ്പന.
സന്ദർശകർക്കായി 200 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും, തടാകത്തിന് ചുറ്റുമായി 2.6 കിലോമീറ്റർ നീളത്തിൽ വാഹനങ്ങളിൽ സഞ്ചരിച്ച് കാഴ്ചകൾ കാണാനുള്ള സുരക്ഷിത പാതയും ഇവിടെയൊരുക്കും. കുട്ടികൾക്ക് കളിക്കാനും കുടുംബങ്ങൾക്ക് ഒന്നിച്ചിരിക്കാനുമുള്ള പ്രത്യേക ഇടങ്ങളും ജലവിനോദങ്ങളും ഇവിടെ ലഭ്യമായിരിക്കും.
അൽ റഫീസ അണക്കെട്ടിന് സമാനം
ഖോർഫക്കാനിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ‘അൽ റഫീസ ഡാം’ മാതൃകയിലാണ് അൽ ഫ്രൈഷ് തടാകവും വികസിപ്പിക്കുന്നത്. 82,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള അൽ റഫീസ ഡാമിൽ നിലവിൽ കയാക്കിങ്ങും പെഡൽ ബോട്ടുകളും കഫേകളും റസ്റ്ററന്റുകളും സന്ദർശകർക്കായി ലഭ്യമാണ്. സമാനമായ രീതിയിൽ കുടുംബങ്ങൾക്ക് മണിക്കൂറുകളോളം ചെലവഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള എല്ലാ ആധുനിക സജ്ജീകരണങ്ങളും അൽ ഫ്രൈഷിലും ഒരുക്കുമെന്ന് ശൈഖ് സുൽത്താൻ വ്യക്തമാക്കി.
കൽബയുടെ വികസന കുതിപ്പ്
ഷാർജ നഗരത്തിൽനിന്ന് 120 കിലോമീറ്ററും ഫുജൈറയിൽനിന്ന് 12 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന കൽബയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി വൻ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്. 2024 മാർച്ച് മാസത്തിൽ തുറന്ന 16 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള 'ഹാങ്ങിങ് ഗാർഡൻസ്' ഇതിനകം വൻ ജനശ്രദ്ധ നേടിയിട്ടുണ്ട്. ഒരു ലക്ഷത്തിലധികം മരങ്ങളും 281 മീറ്റർ ഉയരത്തിലുള്ള പർവത പാതകളും 820 മീറ്റർ നീളമുള്ള വിനോദ ട്രെയിൻ സർവീസും ഇവിടെയുണ്ട്. കൂടാതെ, 1.32 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയും 15.5 കോടി ഗാലൻ ജലസംഭരണ ശേഷിയുമുള്ള 'അൽ ഹെഫാസിയ തടാകവും' കൽബയുടെ വിനോദസഞ്ചാര ഭൂപടത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
കടലിൽ നിർമിക്കുന്ന രണ്ട് റെസിഡൻഷ്യൽ പദ്ധതികൾ, സാംസ്‌കാരിക പാരമ്പര്യം പ്രദർശിപ്പിക്കുന്ന ഹെറിറ്റേജ് മ്യൂസിയം, വെള്ളത്തിനടിയിലൂടെയുള്ള പ്രത്യേക പ്രവേശന കവാടത്തോടെ രൂപകൽപ്പന ചെയ്യുന്ന 'ഷെൽ തിയേറ്റർ'എന്നിവയും കൽബയിൽ വരുംനാളുകളിൽ സന്ദർശകരെ ആകർഷിക്കും.
Published: 24 Sept 2026, 02:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented