രണ്ട് ഉടമസ്ഥർ സ്ഥലം സൗജന്യമായി നൽകി
45 വർഷത്തെ വഴിക്കായുള്ള കാത്തിരിപ്പിന് അവസാനം
കാഞ്ഞിരപ്പള്ളി : വർഷങ്ങളോളം നടപ്പുവഴി മാത്രമായിരുന്ന ഇടവഴി വാർഡംഗവും പ്രദേശവാസികളം ചേർന്ന് എട്ട് കുടുംബങ്ങൾക്ക് വാഹനം കയറ്റാൻ കഴിയുന്ന വഴിയാക്കി. ചിറക്കടവ് ഗ്രാമപ്പഞ്ചായത്ത് ഏഴാംവാർഡിൽ വില്ലൻചിറയിലാണ് 45 വർഷത്തോളം നടപ്പുവഴി മാത്രമായിരുന്ന വഴി വീതികൂട്ടി റോഡാക്കിയത്. വാർഡിലെ ഏറ്റവും ഉയർന്ന പ്രദേശമായ വില്ലൻചിറയിൽനിന്ന് നേതാജി റോഡിലേക്കാണ് പുതിയ റോഡ് നിർമിച്ചത്. 500 മീറ്ററോളം നീളമുള്ള റോഡ് ഏഴടി വീതിയിലാണ് നിർമിച്ചത്. പ്രദേശത്തെ എട്ട് കുടുംബങ്ങളുടെ 45 വർഷത്തോളമായുള്ള സ്വപ്‌നമാണ് ഇതോടെ സഫലമായത്.
വലിയ പാറകളും തിട്ടകളുമായി നിന്നിരുന്ന വഴിയെ പ്രദേശവാസികൾക്ക് നടക്കാൻതന്നെ ബുദ്ധിമുട്ടായിരുന്നു. പ്രായമായവരെ ആശുപത്രിയിലെത്തിക്കുന്നതിനും വിദ്യാർഥികളടക്കമുള്ളവരുടെ യാത്രയും പ്രയാസകരമായിരുന്നു. വീട് നിർമാണങ്ങളടക്കം സാധനങ്ങൾ തലച്ചുമടായി എത്തിക്കേണ്ട സ്ഥിതിയുമായിരുന്നു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കാലത്ത് വാർഡംഗം ആന്റണി മാർട്ടിനോട് പ്രദേശവാസികൾ വർഷങ്ങളായി സ്വപ്‌നം കാണുന്ന റോഡിന്റെകാര്യം സൂചിപ്പിച്ചിരുന്നു. ആന്റണി മാർട്ടിൻ സമീപപ്രദേശത്തെ ആളുകളുമായി ബന്ധപ്പെട്ടതോടെ സ്ഥലം വിട്ടുനൽകാൻ ഇവരും തയ്യാറായി.
ഇലവുങ്കൽ സോജൻ ജോസഫ് റോഡിനായി ഒന്നരസെന്റോളം സ്ഥലം സൗജന്യമായി വിട്ടുനൽകി. ഒപ്പം വഴിവരുന്ന സ്ഥലത്തെ കയ്യാലകളും റോഡിനായി ഇരുമ്പനത്ത് രാമചന്ദ്രനും ഒതളശ്ശേരിയിൽ ഐസക്കും തങ്ങളുടെ പറമ്പിലെ കയ്യാല പൊളിച്ച് റോഡിന് ആവശ്യമായ സ്ഥലമൊരുക്കി. അടുത്ത സാമ്പത്തിക വർഷത്തിൽ റോഡ് നവീകരിക്കുന്നതിന് ഫണ്ട് അനുവദിക്കുമെന്നും തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ ഉറപ്പ് പാലിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വാർഡംഗം ആന്റണി മാർട്ടിൻ പറഞ്ഞു.
Published: 24 Sept 2026, 02:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented