ചിയ, ഫ്‌ളാക്‌സ് വിത്തുകളിൽ തീർത്ത സാലഡുമായി കുട്ടിഷെഫുമാർ

To advertise here,

കോട്ടയം : പ്ലേറ്റുകളിൽ നിറഞ്ഞത് സാധാരണ വിഭവങ്ങളല്ല. മറിച്ച് ഹൃദയത്തെ ചേർത്തുപിടിക്കുന്ന ആരോഗ്യക്കൂട്ടുകൾ. ചിയാ സീഡും ഫ്ളാക്സ് സീഡും പ്രധാന ചേരുവകളാക്കിയ സാലഡുകളാണ് വിദ്യാർഥികൾ കൂടുതൽ തയ്യാറാക്കിയത്. ഹൃദയദിനത്തിന് മുന്നോടിയായി സി.എം.എസ്. കോളേജിൽ ഡയറ്റെറ്റിക്സ്, ഫുഡ് സർവീസ് മാനേജ്മെന്റ് ആൻഡ് ഹോം സയൻസ് വിഭാഗം നടത്തിയ സാലഡ് മത്സരത്തിലാണ് വിവിധ ചേരുവ ചേർന്ന ഹൃദയാരോഗ്യ സാലഡുകൾ ശ്രദ്ധേയമായത്. സാലഡ് തയ്യാറാക്കുന്ന മത്സരത്തിൽ വിത്തുകളുടെ വൈവിധ്യമാർന്ന രുചിക്കൂട്ടുകളാണ് കുട്ടിഷെഫുമാർ കൂടുതലും പ്ലേറ്റുകളിൽ നിറച്ചത്.

ഹൃദയധമനികളുടെ ആരോഗ്യം സംരക്ഷിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ്, ഫൈബർ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമൃദ്ധമാണ് ചിയ, ഫ്ളാക്സ് വിത്തുകൾ. ഹൃദയാഘാതസാധ്യത കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കുന്ന ഈ ‘സൂപ്പർ ഫുഡു’കളെ ദൈനംദിന ഭക്ഷണക്രമത്തിലേക്ക് എങ്ങനെ രുചികരമായി ഉൾപ്പെടുത്താമെന്ന് തങ്ങളുടെ വിഭവങ്ങളിലൂടെ അവർ നിരത്തിയത്. പഴങ്ങളിൽ കൊഴുപ്പ് കുറഞ്ഞ അവാക്കാഡോയാണ് കൂടുതലും ഉപയോഗിച്ചത്.

സാലഡുകൾ ഒരുക്കി ചെറുപ്പത്തിലേ ഹൃദയാരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചതെന്ന് കോളേജ് അധികൃതർ പറഞ്ഞു. വിജയികൾക്ക് ട്രോഫിയും പ്രശസ്തിപത്രവും വിതരണം ചെയ്തു.