അബുദാബി: സാമ്പത്തിക നിരീക്ഷണ നിയമങ്ങളും നിർദ്ദേശങ്ങളും ലംഘിച്ചതിനെ തുടർന്ന് യു.എ.ഇയിൽ പ്രവർത്തിക്കുന്ന ഇറാനിയൻ ബാങ്കായ 'ബാങ്ക് മെല്ലി ഇറാന്റെ' ശാഖകൾക്കെതിരെ ശക്തമായ നിയമനടപടികളും ഉപരോധങ്ങളും ഏർപ്പെടുത്തി യു.എ.ഇ സെൻട്രൽ ബാങ്ക്. സെൻട്രൽ ബാങ്ക്, സാമ്പത്തിക സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളുടെയും നിയന്ത്രണം, ഇൻഷുറൻസ് ബിസിനസ്സ് എന്നിവ സംബന്ധിച്ച 2025-ലെ 6-ാം നമ്പർ ഫെഡറൽ ഡിക്രി നിയമത്തിലെ ആർട്ടിക്കിൾ 168-1-സി പ്രകാരമാണ് നടപടി.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ, ഭീകരവാദ ധനസഹായം തടയൽ, ആയുധങ്ങൾക്കായുള്ള ധനസഹായം തടയൽ തുടങ്ങിയ സുപ്രധാന നിയമങ്ങളും യു.എ.ഇ സെൻട്രൽ ബാങ്കിന്റെ മേൽനോട്ട നിബന്ധനകളും പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി. മുൻകൂട്ടി നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ബാങ്ക് മെല്ലി ഇറാന്റെ യു.എ.ഇയിലെ മുഴുവൻ ശാഖകൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
പുതിയ നടപടിയുടെ ഭാഗമായി ഇറാനിലേക്കും ഇറാനിൽ നിന്നുമുള്ള ട്രേഡ് ഫിനാൻസ്, ഫണ്ട് ട്രാൻസ്ഫറുകൾ ഉൾപ്പെടെയുള്ള എല്ലാവിധ സാമ്പത്തിക ഇടപാടുകളും നടത്തുന്നതിൽ നിന്ന് ബാങ്ക് മെല്ലി ഇറാന്റെ യു.എ.ഇ ശാഖകളെ വിലക്കിയിട്ടുണ്ട്. നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് സെൻട്രൽ ബാങ്ക് ഗവർണർക്ക് ലഭിച്ചിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ സുപ്രധാന തീരുമാനമെടുത്തത്.
യു.എ.ഇയുടെ സാമ്പത്തിക രംഗത്തിന്റെ ഭദ്രതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനും സാമ്പത്തിക സ്ഥാപനങ്ങൾ രാജ്യത്തെ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഇത്തരം കർശന പരിശോധനകളും നടപടികളും തുടരുമെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
Published: 23 Sept 2026, 08:19 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented