ദുബായ്: യു.എ.ഇ ദിർഹത്തിന്റെ ഔദ്യോഗിക ചിഹ്നം അന്താരാഷ്ട്ര സാങ്കേതിക നിലവാരമായ യുണികോഡ് 18.0-ൽ ഔദ്യോഗികമായി ഉൾപ്പെടുത്തി. ഡിജിറ്റൽ ലോകത്ത് സ്മാർട്ട്ഫോണുകൾ, കമ്പ്യൂട്ടറുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, വെബ്സൈറ്റുകൾ എന്നിവയിൽ ദിർഹം ചിഹ്നം ഒരുപോലെ ഉപയോഗിക്കാൻ സാങ്കേതിക കമ്പനികൾക്ക് വഴിതുറക്കുന്നതാണ് ഈ സുപ്രധാന തീരുമാനം. ചിഹ്നത്തിന് 'U+20C3' എന്ന പ്രത്യേക യുണികോഡ് കോഡാണ് അനുവദിച്ചിട്ടുള്ളത്.
സെപ്റ്റംബർ 16-ന് പുറത്തുവിട്ട അറിയിപ്പിൽ, പുതിയ പതിപ്പിൽ ഏറ്റവുമധികം ആളുകൾ ആകാംക്ഷയോടെ കാത്തിരുന്ന  ഒന്നാണ് ദിർഹം ചിഹ്നമെന്ന് യുണികോഡ് കൺസോർഷ്യം വിശേഷിപ്പിച്ചു. ദിർഹത്തിനൊപ്പം മാലിദ്വീപ് റൂഫിയ, ഒമാനി റിയാൽ എന്നീ കറൻസികളുടെ ചിഹ്നങ്ങളും ഈ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മൂന്ന് കറൻസികളുടെയും ചിഹ്നങ്ങൾക്ക് അതത് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ നേരത്തെ തന്നെ അനുമതി നൽകിയിരുന്നെങ്കിലും സാർവത്രികമായ ഒരു ഡിജിറ്റൽ കോഡ് ഇല്ലാത്തതിനാൽ വിവിധ ടെക് പ്ലാറ്റ്ഫോമുകളിൽ ഇവ ഉപയോഗിക്കുന്നതിന് തടസ്സം നേരിട്ടിരുന്നു. പുതിയ തീരുമാനത്തോടെ ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ദ്ധർക്കും ഡെവലപ്പർമാർക്കും ഇത് തങ്ങളുടെ സോഫ്റ്റ്വെയറുകളിൽ ഉൾപ്പെടുത്താൻ സാധിക്കും.
2025 മാർച്ച് 27-നാണ് യു.എ.ഇ സെൻട്രൽ ബാങ്ക് ദിർഹത്തിന്റെ പുതിയ ഔദ്യോഗിക ചിഹ്നം പുറത്തിറക്കിയത്. ദിർഹത്തിന്റെ ഇംഗ്ലീഷ് അക്ഷരമായ 'ഡി' എന്നതിനൊപ്പം യു.എ.ഇ ദേശീയ പതാകയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് രണ്ട് തിരശ്ചീന വരകൾ ചേർത്താണ് ഈ ചിഹ്നം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

To advertise here,

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയും കറൻസിയുടെ സ്ഥിരതയെയുമാണ് ഈ വരകൾ പ്രതിനിധീകരിക്കുന്നത്. ഈ ചിഹ്നം ഫോൺ കീബോർഡുകളിലെ നമ്പർ സിക്‌സ് കീയിൽ ഉൾപ്പെടുത്താമെന്ന് സെൻട്രൽ ബാങ്ക് മാർഗ്ഗനിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും കീബോർഡുകളിൽ ഇതിന്റെ സ്ഥാനം നിർണയിക്കുന്നത് അതത് സ്മാർട്ട്ഫോൺ നിർമാതാക്കളായിരിക്കും.
യുണികോഡ് കോഡ് ലഭിച്ചുവെങ്കിലും എല്ലാ ഫോണുകളിലും കമ്പ്യൂട്ടറുകളിലും ഇത് ഉടനടി ലഭ്യമാകില്ല. ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് കമ്പനികളും ഓപ്പറേറ്റിങ് സിസ്റ്റങ്ങളും ഫോണ്ട് നിർമ്മാതാക്കളും തങ്ങളുടെ പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റുകളിലൂടെ മാത്രമായിരിക്കും ഈ ചിഹ്നം ഉപഭോക്താക്കളിലേക്ക് എത്തിക്കുക. അതിനാൽ കീബോർഡുകളിൽ എത്തുന്നതിന് മുൻപുതന്നെ അപ്ഡേറ്റ് ചെയ്ത വെബ്സൈറ്റുകളിലും ആപ്പുകളിലും പ്രവാസികൾക്ക് ഈ ചിഹ്നം കാണാൻ സാധിച്ചേക്കാം. എന്നാൽ, പഴയ ഫോണുകളിൽ കമ്പനികൾ പുതിയ അപ്ഡേറ്റുകൾ നൽകുന്നത് നിർത്തിയാൽ ഈ ചിഹ്നം ലഭ്യമായേക്കില്ല.
വ്യാപാരികൾക്കും ഡെവലപ്പർമാർക്കും വിലവിവരപ്പട്ടികകൾ, ഇൻവോയ്സുകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയിൽ ഏകീകൃത ശൈലിയിൽ ദിർഹം രേഖപ്പെടുത്താൻ ഇത് വലിയ സഹായമാകും. ഒൻപത് പുതിയ ഇമോജികൾ ഉൾപ്പെടെ 13,007 പുതിയ ക്യാരക്ടറുകളാണ് യുണികോഡ് 18.0 പതിപ്പിൽ കൂട്ടിച്ചേർത്തിട്ടുള്ളത്. ഇതോടെ യുണികോഡിലെ ആകെ ക്യാരക്ടറുകളുടെ എണ്ണം 1,72,808 ആയി ഉയർന്നതായി യുണികോഡ് കൺസോർഷ്യം വ്യക്തമാക്കി.