സാമ്പത്തിക പ്രകടനത്തിൽ ഒന്നാമത്

To advertise here,

ദുബായ് : ആഗോള മത്സരക്ഷമതാ സൂചികയിൽ ചരിത്രനേട്ടവുമായി യു.എ.ഇ. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡിവലപ്മെന്റ് പുറത്തിറക്കിയ 2026-ലെ വേൾഡ് കോമ്പറ്റിറ്റീവ്നെസ് ഇയർബുക്കിൽ ലോകത്തിലെ ഏറ്റവും മത്സരക്ഷമതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ. അഞ്ചാംസ്ഥാനത്തെത്തി. രാജ്യത്തിന്റെ സാമ്പത്തികപ്രകടനത്തെ സംബന്ധിച്ച് ആഗോളതലത്തിൽ ഒന്നാംസ്ഥാനവും യു.എ.ഇ. സ്വന്തമാക്കി. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ കൈവരിച്ച നേട്ടമാണിതെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

ആഗോളതലത്തിൽ 21 സൂചികകളിൽ ഒന്നാംസ്ഥാനം നേടാനും 67 സൂചികകളിൽ ആദ്യ അഞ്ചിൽ ഇടംപിടിക്കാനും യു.എ.ഇ.ക്ക്‌ സാധിച്ചു. ആകെ 118 സൂചികകളിൽ ആദ്യ പത്തിനുള്ളിൽ സ്ഥാനംപിടിച്ച യു.എ.ഇ.യുടെ വികസന മാതൃകയുടെ കരുത്തും വഴക്കവുമാണ് ഈ ഫലങ്ങൾ വ്യക്തമാക്കുന്നത്.

ബ്യൂറോക്രസി, സർക്കാർനയങ്ങളിലെ പൊരുത്തപ്പെടൽ, തൊഴിൽ, അന്താരാഷ്ട്ര അനുഭവം, ദേശീയ സംസ്കാരം, മൂല്യവ്യവസ്ഥകൾ, വ്യോമയാന ഗതാഗതനിലവാരം എന്നിവയിൽ രാജ്യം ഒന്നാംസ്ഥാനംനേടി.

നിർമിതബുദ്ധിയിലുള്ള പൗരന്മാരുടെ വിശ്വാസം, പുതിയ ബിസിനസ് സംരംഭങ്ങൾ, പാർലമെന്റിലെ സ്ത്രീ പ്രാതിനിധ്യം, നഗരഭരണം എന്നിവയിൽ രണ്ടാമതാണ് യു.എ.ഇ. കൂടാതെ ദേശീയ പ്രതിച്ഛായ, നിർമിതബുദ്ധിയിലേക്കുള്ള പ്രവേശനം, ടൂറിസം വരുമാനം, ഊർജ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിൽ രാജ്യം മൂന്നാംസ്ഥാനവും നിലനിർത്തി. മത്സരക്ഷമത എന്നത് റാങ്കിങ്ങുകൾ മെച്ചപ്പെടുത്തുന്നതിനേക്കാൾ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആഗോളവിശ്വാസം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു മാർഗമാണെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. നിക്ഷേപകർക്കും സംരംഭകർക്കും ലോകത്തിലെ ഏറ്റവുംമികച്ച ലക്ഷ്യസ്ഥാനമായി യു.എ.ഇ. തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ആകെ 70 സമ്പദ്‌ വ്യവസ്ഥകളെ വിലയിരുത്തി തയ്യാറാക്കിയ ഈ റിപ്പോർട്ട്, സാമ്പത്തിക പ്രകടനം, സർക്കാർ കാര്യക്ഷമത, ബിസിനസ് കാര്യക്ഷമത, അടിസ്ഥാനസൗകര്യം എന്നീ നാല് പ്രധാനകാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. ദീർഘകാല വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടി രാജ്യങ്ങൾ തങ്ങളുടെ വിഭവങ്ങളെ എത്രത്തോളം ഫലപ്രദമായി ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ നടത്തിയത്.