പക്ഷികളുടെ ഇഷ്ടകേന്ദ്രം

To advertise here,

വേണം അടിസ്ഥാനസൗകര്യം

നെല്ലിക്കുന്ന് : കാസർകോട് നഗരത്തിനോട് ചേർന്ന് പച്ചപ്പിന്റെ കാഴ്ചയൊരുക്കി പള്ളം കണ്ടൽക്കാട്. അപൂർവയിനം പക്ഷികളുടെയും ദേശാടനപക്ഷികളുടെയും കേന്ദ്രമായി മാറുകയാണ് ഇവിടം. നഗരത്തിൽനിന്ന് നെല്ലിക്കുന്ന് കസബ ഭാഗത്തേക്ക് പോകുന്ന വഴി പള്ളം പുഴയോരത്താണ് വിശാലമായ ഈ കണ്ടൽക്കാട്.

പള്ളം പുഴയുടെ തീരം മുതൽ കസബവരെയും തുടർന്ന് തളങ്കര ഭാഗത്തേക്കും ഇത് വ്യാപിച്ചുകിടക്കുന്നുണ്ട്. കണ്ടൽക്കാട് വളർന്നതോടെ പലതരം പക്ഷികളാണ് ഇവിടേക്കെത്തുന്നത്. ദേശാടനപ്പക്ഷികൾ ഉൾപ്പെടെ അപൂർവയിനം പക്ഷികളെ ഇവിടെ കണ്ടുവരുന്നു. കണ്ടാൽക്കാടൊരുക്കുന്ന ആവാസവ്യവസ്ഥയും ഭക്ഷണലഭ്യതയുമാണ് പക്ഷികളെ ഇവിടേക്കാകർഷിക്കുന്നത്. പക്ഷികൾക്കു പുറമെ അപൂർവയിനം നീർക്കോഴികളും വവ്വാലുകളും കണ്ടൽക്കാടിനെ ആശ്രയിച്ചുകഴിയുന്നു.

കണ്ടൽക്കാടിന്റെ സംരക്ഷണത്തിനായി വനംവകുപ്പ് നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. ചുറ്റും ഇരുമ്പുവലകൾ ഉപയോഗിച്ചുള്ള വേലികൾ സ്ഥാപിച്ച് കടന്നുകയറ്റവും കണ്ടൽക്കാടിന്റെ നശീകരണവും തടയുന്നതിനാണിത്.

അപൂർവ പക്ഷികളെ കാണാനും കണ്ടൽക്കാടിന്റെ ഭംഗി ആസ്വദിക്കാനും ഇവിടെ സന്ദർശകരെത്തുമ്പോൾ, ഇവിടെ വേണ്ടത്ര അടിസ്ഥാനസൗകര്യമില്ലെന്നാണ് പരാതി. പക്ഷിനിരീക്ഷണത്തിന് സൗകര്യമില്ല.

പക്ഷിനിരീക്ഷണത്തിനായി പ്രത്യേക ഇരിപ്പിടം, നടപ്പാത, വിവരഫലകങ്ങൾ തുടങ്ങിയവ ഒരുക്കുന്നത് സന്ദർശകരെ കൂടുതൽ ആകർഷിക്കും.