ദേശീയ പാതയിൽ ഒരുമണിക്കൂർ ഗതാഗതം മുടങ്ങി

To advertise here,

മംഗളൂരു : വാഹനങ്ങളിൽ നിറക്കുന്ന വാതകവുമായി (സി.എൻ.ജി.)പോയ ടാങ്കറിൽ ചോർച്ചയുണ്ടായത് പരിഭ്രാന്തി പരത്തി. പനമ്പൂർ പുതിയ തുറമുഖത്തിനു സമീപം ദേശീയപാത 66 ലാണ് സംഭവം. മംഗളൂരുവിൽ നിന്ന് പുറപ്പെട്ടതായിരുന്നു ഗ്യാസ് ടാങ്കർ. ടാങ്കറിൽ നിന്ന് പുക വരുന്നത് കണ്ടതോടെ ആളുകൾ ബഹളം വെച്ച് ലോറി നിർത്തിപ്പിക്കുകയായിരുന്നു. മംഗളൂരു പുതു തുറമുഖത്ത് നിന്ന് അഗ്നിരക്ഷാസേനയും മറ്റ് രക്ഷാപ്രവർത്തകരും എത്തി.

ചോർച്ച കണ്ടെത്തിയ ഭാഗത്ത് തീ പിടിക്കാതിരിക്കാൻ അഗ്നിരക്ഷാസേന ഒരുമണിക്കൂറോളം വെള്ളം ചീറ്റി തണുപ്പിച്ചു. അതിനിടെ ടാങ്കറിലെ ചോർച്ച അടക്കുകയും ചെയ്തു.

ദേശീയപാതയായതിനാൽ ഒട്ടേറെ വാഹനങ്ങൾ നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

പനമ്പൂർ പൊലീസെത്തി താത്ക്കാലികമായി ബാരിക്കേഡുകൾ വെച്ച് യാത്രക്കാരെ തടഞ്ഞ് ഗതാഗതം നിയന്ത്രിച്ചു. ഒരു മണിക്കൂറോളം ദേശീയപാതയുടെ ഒരു ഭാഗം താത്കാലികമായി അടച്ചു. ടാങ്കറിലെ വാതക ചോർച്ച അടച്ചതോടെ ഗതാഗതം പുനസ്ഥാപിച്ചു.