വലിയപറമ്പ് : പൊട്ടിപ്പൊളിഞ്ഞ റോഡായിരുന്നു കുറെക്കാലം ഇടയിലക്കാട്ടുകാരുടെ പ്രധാന പ്രശ്നം. പിന്നീട് മെക്കാഡം ടാറിങ്ങിനായി സിമൻറ്‌-കരിങ്കൽ പൊടിയിട്ട റോഡും റോഡിലെ പൊടിശല്യവും. എന്നാൽ, ഇന്ന് തീരാത്ത റോഡുപണിയാണ് ഇടയിലക്കാട്ടുകാരെ വലയ്ക്കുന്നത്. ഇടയിലക്കാട് ബണ്ട് മുതൽ വലിയപറമ്പ് പാലം സൈറ്റ് വരെയാണ് മെക്കാഡം ടാറിങ്ങിന് അനുമതി ലഭിച്ചിരുന്നത്.

To advertise here,

കാസർകോട് വികസനപാക്കേജിൽ ടാറിങ് നടത്തുന്നതിന് കഴിഞ്ഞവർഷം പണിയും തുടങ്ങിയിരുന്നു. എന്നാൽ, കരാറുകാരൻ പ്രവൃത്തി ഉപേക്ഷിച്ചതോടെ മെക്കാഡം ടാറിങ് പാതിവഴിയിലായി. പുതിയ കരാറുകാരൻ പ്രവൃത്തി ഏറ്റെടുത്തെങ്കിലും റോഡുപണി അനന്തമായി നീളുകയാണ്. ഒരുവർഷത്തിലേറെയായി നാട്ടുകാർ ഈ ദുരിതവും പേറിയാണ് യാത്രചെയ്യുന്നത്.

ഇതിനിടയിൽ മെക്കാഡം റോഡിൽ ഇടയിലക്കാട് കാവിന് സമീപം ചെറിയ ഭാഗം കൊരുപ്പുകട്ടകളിടാൻ കുറച്ചുദിവസം റോഡ് അടച്ചിട്ടതും നാട്ടുകാരെ വലച്ചിരുന്നു. ഒരുമുന്നൊരുക്കവുമില്ലാതെ റോഡ് അടച്ചിട്ടെന്ന് ആരോപിച്ച് പ്രതിഷേധവും ഉയർന്നിരുന്നു. പൊടിശല്യത്തിന്റെ ഭാഗമായുണ്ടായ ആരോഗ്യപ്രശ്നങ്ങളും ചിലരെ വലയ്ക്കുന്നുണ്ട്. വാഹനയാത്രക്കാരും കാൽനടയാത്രക്കാരും തീരാത്ത റോഡുപണിയിൽ ഒരുപോലെ കഷ്ടപ്പെടുകയാണ്.

വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുന്നതായും ഇരുചക്രവാഹനയാത്രക്കാർ ഉൾപ്പെടെ വീണുപരിക്കേറ്റ സ്ഥിതിയുമുണ്ടായതായി നാട്ടുകാർ പറയുന്നു. റോഡ് നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സഞ്ചാരികളെയും വലയ്ക്കുന്നു

:ജില്ലയിലെതന്നെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളുള്ള വലിയപറമ്പിലേക്ക് നിരവധി ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളാണ് ദിവസവുമെത്തുന്നത്. നിലവിൽ ഈ റോഡ് കടന്നുവേണം സഞ്ചാരികൾക്ക് വലിയപറമ്പിന്റെ വിവിധ ഭാഗങ്ങളിലെത്താൻ. വലിയപറമ്പ് ബീച്ചിലേക്കുള്ള നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഈ റോഡ് കടന്നുവരുന്നത്. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവൻ, ഗ്രാമീൺബാങ്ക്, പ്രാഥമികാരോഗ്യകേന്ദ്രം, വിവിധ പ്രൈമറി സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് വരാനുള്ള പ്രധാനപാതയുമാണിത്.