ദുബായ് മീഡിയ സിറ്റിക്ക് കാൽനൂറ്റാണ്ട്
ദുബായ് : മിഡിലീസ്റ്റിലെ മാധ്യമങ്ങളുടെയും കണ്ടന്റ് ക്രിയേഷൻ മേഖലയുടെയും പ്രധാന കേന്ദ്രമായ ദുബായ് മീഡിയ സിറ്റി 25-ാമത് വാർഷികം ആഘോഷിക്കുന്നു. മാധ്യമ വ്യവസായമേഖലയിൽ നൂതന പരിഷ്കാരവും വളർച്ചയും നടപ്പാക്കിയ മീഡിയ സിറ്റി ടീകോം ഗ്രൂപ്പ് മീഡിയ ക്ലസ്റ്ററിന്റെ കീഴിലാണ്.
നിലവിൽ മീഡിയ സിറ്റിയുടെ കീഴിൽ 40,000-ത്തിലേറെ മീഡിയ, ക്രിയേറ്റീവ് പ്രൊഫഷണലുകൾ പ്രവർത്തിക്കുന്നുണ്ട്. ലോകത്തിലെ മുൻനിര മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകളും ഇവിടെയുണ്ട്. എമിറേറ്റിനെ മാധ്യമമേഖലയിൽ ആഗോള ഹബ്ബാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ദുബായ് മീഡിയ സിറ്റി സാമ്പത്തിക നിക്ഷേപകർക്ക് മികച്ച അടിസ്ഥാനസൗകര്യ വികസനങ്ങളൊരുക്കുന്നു. മാധ്യമ മേഖലയിലെ 500 കമ്പനികളിൽ 60 ശതമാനത്തിന്റെയും ആസ്ഥാനം മീഡിയ സിറ്റിയിലാണ്. ലോകത്തിലെ വിവിധ ഭാഷകളിലുള്ള ടെലിവിഷൻ, റേഡിയോ മാത്രമല്ല സാമൂഹിക മാധ്യമങ്ങൾക്കും മികച്ച സൗകര്യങ്ങളാണ് ഇവിടം ഒരുക്കിയിരിക്കുന്നത്.
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മാധ്യമമേഖലയിൽ ആഗോള ഹബ്ബായി മാറാൻ മീഡിയ സിറ്റിക്ക് സാധിച്ചതെന്ന് ദുബായ് മീഡിയ സിറ്റി സീനിയർ വൈസ് പ്രസിഡന്റ് മജീദ് അൽ സുവൈദ് പറഞ്ഞു. യു.എ.ഇ.യുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് മീഡിയ സിറ്റി വലിയ സംഭാവന ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ വൻകിട പരസ്യക്കമ്പനികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അറബ് മീഡിയ ആസ്ഥാനമായും ഇതിനകം ദുബായ് മീഡിയ സിറ്റി മാറിക്കഴിഞ്ഞെന്ന് അധികൃതർ പറഞ്ഞു.
971 ‘കൾച്ചറൽ ആൻഡ് ക്രീയേറ്റിവ്’ പദ്ധതികൾ ഒരുവർഷത്തിനുള്ളിൽ മീഡിയ സിറ്റിയിൽ നടപ്പാക്കി. 1886 കോടി ദിർഹത്തിന്റെ നിക്ഷേപവും 23,517 പുതിയ തൊഴിലവസരങ്ങളും ഇക്കാലയളവിൽ ദുബായ് മീഡിയ സിറ്റിയിലുണ്ടായി.
ദുബായ് ഇന്റർനെറ്റ് സിറ്റി, സ്റ്റുഡിയോ സിറ്റി, പ്രൊഡക്ഷൻ സിറ്റി, ഇന്റർനാഷണൽ അക്കാദമി സിറ്റി, നോളജ് പാർക്ക്, സയൻസ് പാർക്ക്, ഇൻഡസ്ട്രിയൽ സിറ്റി, ഡിസൈൻ ഡിസ്ട്രിക്ട് എന്നിവയും ടീകോം ഗ്രൂപ്പ് മീഡിയ ക്ലസ്റ്ററിന്റെ കീഴിലാണ്.
ദുബായ് മീഡിയ സിറ്റി
Published: 15 Feb 2026, 01:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented