ദുബായ്: ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡെക്സ് ഹൊറൈസൺ 2026 ഡെലിഗേറ്റ് സമ്മിറ്റും നാഷണൽ കോൺഫറൻസും അടുത്തമാസം ഒന്ന് ഞായറാഴ്ച ദുബായ് അൽ ബറാഹയിലെ വിമൻസ് അസോസിയേഷൻ ഹാളിൽ (പി.എ. ഇബ്രാഹിം ഹാജി സ്‌ക്വയറിൽ) നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അറബ് പ്രമുഖർ, മന്ത്രിമാർ, എം.എൽ.എമാർ, വ്യവസായ പ്രമുഖർ, മുസ്ലിം ലീഗ് നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

To advertise here,

രാവിലെ എട്ടിന് ഡെലിഗേറ്റ് സമ്മിറ്റ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറ് മണിക്ക് നടക്കുന്ന നാഷണൽ കോൺഫറൻസ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. നാഷണൽ കോൺഫറൻസിൽ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ പുരസ്‌കാരങ്ങൾ നൽകി ആദരിക്കും. യു.എ.ഇ കെ.എം.സി.സി നാഷണൽ കമ്മിറ്റി ട്രഷറർ നിസാർ തളങ്ങരക്ക് ഓർഗനൈസേഷൻ പ്രൈഡ് അവാർഡ്, ഡോ. അബൂബക്കർ കുറ്റിക്കോലിന് വിഷനറി എന്റർപ്രണർ അവാർഡ്, പി.എ. സൽമാൻ ഇബ്രാഹിമിന് ലെഗസി ഓഫ് എജ്യുക്കേഷൻ ആൻഡ് സോഷ്യൽ ഇംപാക്ട് അവാർഡ്, ബഷീർ കിന്നിംഗാറിന് ഹെൽത്ത് ആൻഡ് ഹ്യൂമാനിറ്റേറിയൻ ഐക്കൺ അവാർഡ് എന്നിവ സമ്മാനിക്കും. മുസ്ലിം ലീഗ് നേതാക്കൾക്കും കാസർകോട് ജില്ലയിൽനിന്ന് ചരിത്രവിജയം നേടിയ യുഡിഎഫ് എം.എൽ.എമാരായ കല്ലട്ര മാഹിൻ, എ.കെ.എം അഷ്റഫ് , സന്ദീപ് വാര്യർ എന്നിവർക്കും സ്വീകരണം നൽകും.
ജില്ലയിലെ വിവിധ മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത് തലങ്ങളിലെ ഭാരവാഹികളും പ്രധാന പ്രവർത്തകരുമുൾപ്പെടെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 600 ലധികം പ്രതിനിധികൾ ഡെലിഗേറ്റ് സമ്മിറ്റിൽ പങ്കെടുക്കും. നാല് സെഷനുകളിലായി നടക്കുന്ന പരിശീലന പരിപാടിയിലൂടെ പ്രതിനിധികളുടെ നേതൃത്വശേഷിയും സംഘടനാ മികവും വർധിപ്പിക്കുക, സമകാലിക വിഷയങ്ങളിൽ അറിവും കാഴ്ചപ്പാടും വളർത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്. വാഗ്മികളും മോട്ടിവേറ്റീവ് സ്പീക്കർമാരുമായ ഡോ. റഷീദ് ഗസാലി, അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി, പി.എം.എ ഗഫൂർ, ശരീഫ് കുറ്റൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. നാഷണൽ കോൺഫറൻസിൽ മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, വി.ഇ അബ്ദുൽ ഗഫൂർ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എ. അബ്ദുറഹ്‌മാൻ, കാസർകോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എൻ.എ നെല്ലിക്കുന്ന്, ജനറൽ സെക്രട്ടറി പി.എം മുനീർ ഹാജി, ജില്ലാ ട്രഷറർ കെ.ഇ.എ ബക്കർ തുടങ്ങിയവർ പങ്കെടുക്കും. വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും.
വാർത്താസമ്മേളനത്തിൽ ദുബായ് കെ.എം.സി.സി ജനറൽ സെക്രട്ടറി യഹ്യ തളങ്കര, ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ, ട്രഷറർ ഡോ. ഇസ്മായിൽ, ദുബായ് കെ.എം.സി.സി വൈസ് പ്രസിഡന്റമാരായ അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടി, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ, മീഡിയ വിങ് ചെയർമാൻ പി ഡി നൂറുദ്ദീൻ, ഭാരവാഹികളായ കെ.പി അബ്ബാസ് കളനാട്, അഷറഫ് ബായാർ, ഫൈസൽ മുഹ്‌സിൻ എന്നിവർ പങ്കെടുത്തു