പനാജി: പെട്രോളിൽ എഥനോൾ ചേർക്കുന്നത് നിലവിലുള്ള 20 ശതമാനത്തിൽ കൂടുതൽ ഉയർത്താൻ കേന്ദ്ര സർക്കാരിന് നിലവിൽ പദ്ധതിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. സൗത്ത് ഗോവയിൽ നടന്ന 29-ാമത് എനർജി ടെക്നോളജി ആന്റ് ഇന്നൊവേഷൻ മീറ്റിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കുകയെന്ന ലക്ഷ്യം രാജ്യം ഇതിനകം കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

സാധാരണ ഇന്ധന പമ്പുകളിൽ വിതരണംചെയ്യുന്ന പെട്രോളിൽ 20 ശതമാനത്തിൽ കൂടുതൽ എഥനോൾ ചേർക്കില്ലെന്നും ഫ്ലെക്സ്-ഫ്യുവൽ (ഇ85, ഇ100) വാഹനങ്ങൾക്കുള്ള ഉയർന്ന തോതിലുള്ള മിശ്രണങ്ങൾ ഇതിൽനിന്ന് വേറിട്ടതാണെന്നും മന്ത്രി വ്യക്തമാക്കി. അതിനാൽ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സാധാരണ പെട്രോളിലെ എഥനോൾ അളവ് ഇനിയും കൂട്ടുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാൻ കരിമ്പിൽനിന്നും ധാന്യങ്ങളിൽനിന്നും ഉൽപ്പാദിപ്പിക്കുന്ന എഥനോൾ ഉപയോഗത്തിലൂടെ കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാനുമാണ് ഇ20 ഇന്ധനം അവതരിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, വാഹന ഉടമകൾക്കിടയിൽ ഇതിന്റെ ഇന്ധനക്ഷമതയെക്കുറിച്ച് ഉയർന്നുവന്ന ആശങ്കകളെയും വിമർശനങ്ങളെയും മന്ത്രി തള്ളിക്കളഞ്ഞു. ജൈവ ഇന്ധനങ്ങളെക്കുറിച്ച് ഒരുകൂട്ടം ആളുകൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അവർക്ക് മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.