ദുബായ് : ആഗോളതലത്തിൽ വലിയ തരംഗം സൃഷ്ടിച്ച ദുബായ് ചോക്ലേറ്റ് ലോകത്തിന് പരിചയപ്പെടുത്തിയ ഫിക്സ് ഡെസേർട്ടിന് ദുബായ് ഇറ്റ് പുരസ്കാരം ലഭിച്ചതായി യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. ബിസിനസ് പ്രൊജക്റ്റ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. ഒരു വർഷത്തിനുള്ളിൽ ദുബായ് സ്റ്റൈൽ ചോക്ലേറ്റുകളുടെ വില്പനയിൽ 1,234 ശതമാനം വർധന രേഖപ്പെടുത്തിയെന്നും ശൈഖ് ഹംദാൻ പറഞ്ഞു.
എമിറേറ്റിലെ വീട്ടിലാരംഭിച്ച ഒരു സംരംഭത്തെ വിജയിപ്പിക്കുകയും ആഗോള വിപണികളിലുടനീളം വ്യാപിപ്പിക്കുകയും ചെയ്ത ചോക്ലേറ്റ് ട്രെൻഡ് സൃഷ്ടിച്ചതിന് പിന്നിൽ പ്രവർത്തിച്ച സാറാ ഹമൂദ, യെസെൻ അലാനി എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. ദുബായ് ചോക്ലേറ്റ് ട്രെൻഡിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട വിവിധ ഉത്പന്നങ്ങൾ ഇന്ന് ലോകമെമ്പാടുമുള്ള വിപണികളിലും നൂറിലേറെ വിമാനത്താവളങ്ങളിലും ലഭ്യമാണ്.
പിസ്താ ക്രീമും കുനാഫയും നിറച്ച ചോക്ലേറ്റ് ബാറുകളിലൂടെയാണ് ഫിക്സ് ഡെസേർട്ട് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയത്. ചുരുങ്ങിയ സമയം കൊണ്ട് സാമൂഹിക മാധ്യമങ്ങളിലും വൈറലായിരുന്നു. മികച്ച ആശയങ്ങൾ യാഥാർഥ്യമാക്കുന്ന വ്യക്തികൾ, സംരംഭങ്ങൾ, സ്ഥാപനങ്ങൾ, പദ്ധതികൾ തുടങ്ങിയവയെ ആദരിക്കാനാണ് ദുബായ്-ഇറ്റ് പുരസ്കാരം ആരംഭിച്ചത്.
പരമ്പരാഗത രീതികളിൽനിന്ന് വ്യത്യസ്തമായി ചിന്തിക്കാനും സാമ്പത്തിക, സാമൂഹിക നേട്ടങ്ങൾ കൈവരിക്കാനും പ്രോത്സാഹിപ്പിക്കാനാണ് പുരസ്കാരം ലക്ഷ്യമിടുന്നത്.
സർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.), സാമ്പത്തിക മേഖലയിലെ പ്രൊജക്റ്റ് വിഭാഗത്തിൽ പ്രമുഖ സ്പോർട്സ് ഉപകരണ നിർമാണ സ്ഥാപനമായ എസ്.ഡബ്ല്യൂ.എസ് ബോർഡ് ടെക്നോളജി, സർക്കാർ മേഖലയിലെ പ്രൊജക്റ്റ് വിഭാഗത്തിൽ ദുബായ് താമസ, കുടിയേറ്റ വകുപ്പിന്റെ (ജി.ഡി.ആർ.എഫ്.എ.) റെഡ് കാർപെറ്റ് പദ്ധതിക്കും ദുബായ് ഇറ്റ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.
Published: 25 Oct 2026, 02:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented