തിരുവനന്തപുരം: നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ അപകടത്തിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതി മദ്യപിച്ചതും വാഹനത്തിന്റെ വേഗവും പോലീസ് കണ്ടെത്തി. ഭംഗിയായി പോലീസ് പ്രവർത്തിച്ചെന്നും ആഭ്യന്തരമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അതേസമയം, ചേരാനല്ലൂരിൽ പോലീസിന് തെറ്റുപറ്റിയെന്നും അതിനാലാണ് ആ പോലീസുകാർ ബാഗെടുത്ത് വീട്ടിലേക്ക് പോയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

To advertise here,

മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്:
നെടുമ്പാശ്ശേരിയിൽ ഒരു തെറ്റും പോലീസ് ചെയ്തിട്ടില്ല. അടിവരയിട്ട് പറയുന്നു, ഒരു തെറ്റും പോലീസ് ചെയ്തിട്ടില്ല. എന്തെല്ലാം വാർത്തകളാണ് വന്നത്. നാല് ബാറുകളിൽ ഇരുന്ന് മദ്യപിച്ചതിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന്റെ കൈയിൽ ഉണ്ട്. ശരീരത്തിൽ മദ്യത്തിന്റെ അംശം എത്ര ഉണ്ടെന്ന് പരിശോധിച്ചതിന്റെ വിവരവും അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ എത്ര വേഗത്തിലാണ് ഇവർ സഞ്ചരിച്ചത് എന്ന വിവരവും അന്വേഷണ സംഘത്തിന്റെ കൈയിൽ ഉണ്ട്. പോയ വഴിയിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും പോലീസിന്റെ കൈയിൽ ഉണ്ട്. ഇത്രയും ഭംഗിയായി പോലീസ് കാര്യങ്ങൾ ചെയ്തു. ആഭ്യന്തരവകുപ്പിനെ അഭിനന്ദിക്കുന്നു.

പോലീസ് ആളെ മനസ്സിലാക്കി, അഡ്രസ് ശേഖരിച്ച്, വയസ്സ് നോക്കി എല്ലാം നോക്കിയിട്ട് എഫ്ഐആർ ഇട്ടിട്ടുണ്ട്. കൃത്യമായി പോലീസ് ചെയ്തിട്ടുണ്ട്. ആളെ ആശുപത്രിയിൽ കൊണ്ടുപോയി ആളുടെ രക്തം പരിശോധിച്ച് മദ്യത്തിന്റെ അംശം എത്രയാണ് എന്നതിന്റെ തെളിവുണ്ട്.

ഇല്ലാക്കഥ മെനയണ്ട. ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി. അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്, വി.ഡി. സതീശൻ പറഞ്ഞു.