ദുബായ്: ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള മിഡിൽഈസ്റ്റിലെ സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായുള്ള പ്രത്യേക പരീക്ഷയുടെ അപേക്ഷാ മാർഗനിർദേശങ്ങൾ കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡ് പുറപ്പെടുവിച്ചു. യു.എ.ഇ., ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ ഏഴ് രാജ്യങ്ങളിലെ വിദ്യാർഥികൾക്കാണ് ഇതിന് അവസരം. സെപ്റ്റംബർ 22 മുതൽ കാൻഡിഡേറ്റ് ലിസ്റ്റ് പൂരിപ്പിച്ചു നൽകാം. സെപ്റ്റംബർ 26 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നീട്ടിനൽകില്ലെന്ന് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
മേഖലയിലുണ്ടായ സംഘർഷങ്ങളെ തുടർന്ന് കഴിഞ്ഞ മാർച്ച് മാസത്തിൽ നടത്താൻ സാധിക്കാതെ പോയ പരീക്ഷകൾക്ക് പകരമായാണ് പ്രത്യേക പരീക്ഷ സംഘടിപ്പിക്കുന്നത്. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് നടത്തുന്ന ഈ പരീക്ഷ, മുമ്പ് നടപ്പാക്കിയ 'സ്പെഷ്യൽ അസസ്മെന്റ് സ്കീം' വഴി ലഭിച്ച മാർക്കിൽ തൃപ്തരല്ലാത്ത റഗുലർ, പ്രൈവറ്റ് വിദ്യാർഥികൾക്ക് തങ്ങളുടെ സ്കോർ മെച്ചപ്പെടുത്താൻ പ്രയോജനപ്പെടുത്താം.
അപേക്ഷകർ സി.ബി.എസ്.ഇ.യുടെ ഔദ്യോഗിക വെബ്സൈറ്റ് (www.cbse.nic.in) സന്ദർശിച്ച് 'സ്‌പെഷ്യൽ Exam' ലിങ്ക് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കണം. രജിസ്റ്റർ ചെയ്യുന്നതിന് മുമ്പായി പ്രധാന പരീക്ഷയുടെ അഡ്മിറ്റ് കാർഡ്, മാർക്ക് സ്റ്റേറ്റ്മെന്റ് എന്നിവ കൈവശം കരുതേണ്ടതുണ്ട്. അഡ്മിറ്റ് കാർഡിലുള്ള റോൾ നമ്പർ, സെന്റർ നമ്പർ, മാതാവിന്റെ പേര്, പരീക്ഷാ വർഷം (2026) എന്നിവയും ഒ.ടി.പി ലഭിക്കുന്നതിനായി സ്വന്തം ഇ-മെയിൽ വിലാസവും നൽകേണ്ടതാണ്.
മുമ്പ് പരീക്ഷ നടത്താൻ കഴിയാതിരുന്ന 40 വിഷയങ്ങളിൽ നിന്ന് വിദ്യാർഥികൾക്ക് ആവശ്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാം. അപേക്ഷ സമർപ്പിച്ചശേഷം ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പർ ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവെക്കണം. ഈ പ്രത്യേക പരീക്ഷയിൽ ലഭിക്കുന്ന മാർക്കായിരിക്കും അന്തിമമായി കണക്കാക്കുക. (പഴയ മാർക്കിന് പകരം ഇത് നിലവിൽ വരും). മുമ്പ് അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളിൽ തന്നെയായിരിക്കും ഈ പരീക്ഷയും നടക്കുക.
പ്രത്യേക പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ മാർഗനിർദേശങ്ങൾ ശ്രദ്ധാപൂർവം വായിച്ചു മനസ്സിലാക്കി നിശ്ചിത സമയപരിധിക്കുള്ളിൽ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് ദുബായിലെ സി.ബി.എസ്.ഇ. റീജ്യനൽ ഡയറക്ടർ പ്രൊഫ. ഡോ. റാം ശങ്കർ പറഞ്ഞു.
Published: 21 Sept 2026, 10:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented