ന്യൂഡൽഹി: ഡൽഹി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ കോൺഗ്രസിലും അതിന്റെ വിദ്യാർഥി സംഘടനയായ എൻ.എസ്.യു.ഐയിലും കനയ്യകുമാറിനെതിരെ പടയൊരുക്കം. എൻ.എസ്.യു.ഐയിലെ ഒരു വിഭാഗം രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കും പരാതി നൽകിയതായാണ് വിവരം. കനയ്യ കുമാറിനോട് രാഹുൽ ഗാന്ധി വിശദീകരണം തേടിയതായും റിപ്പോർട്ടുകളുണ്ട്.

To advertise here,

തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റിൽപ്പോലും വിജയിക്കാനായിരുന്നില്ല. പ്രസിഡന്റടക്കം നാല് കേന്ദ്രസ്ഥാനങ്ങളിൽ മൂന്നിലും എ.ബി.വി.പി. ജയിച്ചപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എൻ.എസ്.യു.വിന്റെ വിമതസ്ഥാനാർഥി ദീപാൻഷു ഷൊക്കീൻ അട്ടിമറി വിജയം നേടുകയും ചെയ്തിരുന്നു.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെതിരെ രാഹുൽ ഗാന്ധി ശക്തമായ പ്രചാരണവും നടത്തി അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും അത് മുതലെടുക്കാൻ കഴിയാത്തത് കനയ്യ കുമാറിന്റെ നേതൃത്വ പരാജയമാണെന്നാണ് കോൺഗ്രസിലെ വിലയിരുത്തൽ. വിദ്യാർഥി സംഘടനയുടെ ചുമതല കഴിഞ്ഞ മൂന്ന് വർഷമായി കനയ്യ കുമാറിനാണ്.

സ്ഥാനാർത്ഥി നിർണയത്തിലടക്കം കനയ്യ കുമാർ സ്വന്തം ഇഷ്ടപ്രകാരമാണ് പ്രവർത്തിച്ചത്, കാമ്പസ് തിരഞ്ഞെടുപ്പുകളിൽ നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടായില്ല. താഴേത്തട്ടിൽ വേണ്ടത്ര ഇടപെടൽ നടത്തിയില്ല തുടങ്ങിയ പരാതികളാണ് സംഘടനയിൽനിന്ന് കനയ്യ കുമാറിനെതിരെ ഉയരുന്നത്.

എൻ.എസ്.യു.ഐ സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് ദീപാൻഷു ഷൊക്കീൻ വിമതനായി മത്സരിച്ചത്. വെസ്റ്റ് ഡൽഹി സ്വദേശിയായ ദീപാൻഷു ബസ് കണ്ടക്ടറുടെയും അങ്കണവാടി അധ്യാപികയുടെയും മകനാണ്. ബുദ്ധിസ്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്. സത്യനികേതനിൽ ഹോസ്റ്റൽ തകർന്ന് മരിച്ച വിദ്യാർഥികൾക്ക് നീതികിട്ടുംവരെ ചെരിപ്പിടില്ലെന്ന് പ്രഖ്യാപിച്ച ദീപാൻഷു ചെരിപ്പില്ലാതെയാണ് പ്രചാരണം നടത്തിയിരുന്നത്.

ഷൊക്കീനോട് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നതായാണ് എൻ.എസ്.യു.ഐ വൃത്തങ്ങൾ പറയുന്നത്. എന്നാൽ തനിക്ക് വിജയസാധ്യത വൈസ് പ്രസിഡന്റ് സ്ഥാനമാണെന്ന് ചൂണ്ടിക്കാട്ടിയ ഷൊക്കീൻ അതിനുള്ള കാരണങ്ങളും മുതിർന്ന നേതാക്കളെ അറിയിച്ചിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ തർക്കം. തുടർന്ന് കനയ്യ കുമാർ അച്ചടക്കമില്ലായ്മ ചൂണ്ടിക്കാട്ടി ഷൊക്കീനെ പാനലിൽനിന്ന് ഒഴിവാക്കുകയായിരുന്നുവെന്നാണ് വിവരം.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച എ.ബി.വി.പി.യുടെ യാഷ്ദാബാസും താനും ജാട്ട് സമുദായക്കാരാണ്. ഒരേപ്രദേശത്തുകാരുമാണ്. അതുകൊണ്ട് തന്നെ വിജയസാധ്യത കുറവാണെന്നാണ് ഷൊക്കീൻ നേതൃത്വത്തെ അറിയിച്ചിരുന്നത്. ഡൽഹി സർവകലാശാല തിരഞ്ഞെടുപ്പിൽ ജാട്ട് വോട്ടുകൾ നിർണായക ഘടകമാണ്. ഷോക്കീനെ ഒഴിവാക്കിയതോടെ ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ജാട്ട് വോട്ടുകൾ ലക്ഷ്യമിട്ട് നിശ്ചയിച്ച സ്ഥാനാർഥിയായിരുന്ന വിശേഷ് യാദവിനെ മാറ്റി ഗോപാൽ ചൗധരിയെ രംഗത്തിറക്കി. ഇതിൽ പ്രതിഷേധിച്ച് വിശേഷ് യാദവ് വിമതനായി മത്സരിക്കുകയും ചെയ്തു. സ്വതന്ത്രനായി മത്സരിച്ച് വിശേഷ് യാദവ് 15,778 വോട്ടുകൾ നേടി. എൻ.എസ്.യു.ഐയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായ ഗോപാൽ ചൗധരി നേടിയത് 15,206 വോട്ടുകൾ മാത്രമായിരുന്നു. ആസൂത്രണമില്ലായ്മയും ആലോചനയില്ലാത്ത തീരുമാനങ്ങളും കാരണം തിരഞ്ഞെടുപ്പ് ഘട്ടത്തിൽ എൻഎസ് യുഐ ക്യാമ്പ് അരാജകത്വത്തിലായിരുന്നുവെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. വിമതരായി മത്സരിക്കാനിറങ്ങിയവരെ അനുനയിപ്പിക്കാനും ശ്രമം നടന്നില്ലെന്നും ആരോപണമുണ്ട്.