ദുബായ്: മമ്മൂട്ടിയോടുള്ള ആരാധനമൂലം ദുബായിലെ സാധാരണക്കാരായ പ്രവാസി തൊഴിലാളികൾക്ക് സൗജന്യമായി പെർഫ്യൂം വിതരണം ചെയ്ത് മലയാളി യുവാവ്. പാലക്കാട് കൂറ്റനാട് കരിമ്പ സ്വദേശിയും യു.എ.ഇയിൽ പെർഫ്യൂം ബിസിനസ് നടത്തുന്ന വ്യവസായിയുമായ നൗഫലാണ് ഈ വേറിട്ട സ്‌നേഹോപഹാരം പ്രവാസികൾക്ക് സമ്മാനിച്ചത്.

To advertise here,

ദുബായിലെ വിവിധ ഗ്രോസറികൾ, കഫെറ്റീരിയകൾ, മറ്റു ചെറുകിട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികൾക്കാണ് നൗഫൽ സൗജന്യമായി പെർഫ്യൂമുകൾ വിതരണംചെയ്തത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ എഴുപത്തഞ്ചാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് ഇത്.

പ്രത്യേക സുഗന്ധങ്ങൾ കൂട്ടിച്ചേർത്ത്, മമ്മൂട്ടിയുടെ മനോഹരമായ ചിത്രം പതിച്ച കുപ്പികളിലാണ് പെർഫ്യൂമുകൾ തൊഴിലാളികൾക്ക് വിതരണം ചെയ്തതെന്ന് നൗഫൽ പറഞ്ഞു. കഠിനാധ്വാനം ചെയ്യുന്ന സാധാരണക്കാരായ പ്രവാസികൾക്ക് തങ്ങളുടെ പ്രിയ നടന്റെ പിറന്നാൾ വേളയിൽ സന്തോഷം പകരുക എന്ന ലക്ഷ്യത്തോടെയാണ് ഈ പെർഫ്യൂം വിതരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയ നടനോടുള്ള ആദരവും പ്രവാസി സഹോദരങ്ങളോടുള്ള സ്‌നേഹവും ഒരുപോലെ വാനോളമുയർത്തുന്ന നൗഫലിന്റെ ഈ പ്രവൃത്തി പ്രവാസി മലയാളികൾക്കിടയിൽ വലിയ ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റിയിട്ടുണ്ട്.