ദുബായ്: യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പ്രവൃത്തിദിവസങ്ങളിൽ ജോലി തിരക്കുകൾക്കിടയിൽ പാസ്പോർട്ട് കൈപ്പറ്റാൻ സമയം കണ്ടെത്തേണ്ടിവരുന്ന ബുദ്ധിമുട്ടിന് പരിഹാരം. യു.എ.ഇയിലുടനീളമുള്ള 16 ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളും (ഐ.സി.എ.സി) പ്രവർത്തിപ്പിക്കുന്ന അൽഹിന്ദ് ഗ്ലോബൽ സർവീസസ് എല്ലാ കേന്ദ്രങ്ങളിലും ഞായറാഴ്ചകളിൽ പാസ്പോർട്ട് വിതരണത്തിനായി പ്രത്യേക കൗണ്ടറുകൾ ആരംഭിച്ചു. ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ഈ സൗകര്യം ലഭ്യമാകുക.
പാസ്പോർട്ട് പുതുക്കൽ, സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ കോൺസുലാർ സേവനങ്ങൾ കഴിഞ്ഞ ജൂലായിലാണ് കേരളം ആസ്ഥാനമായ അൽഹിന്ദ് ഗ്രൂപ്പ് ഏറ്റെടുത്തത്. 2025 നവംബറിൽ ടെൻഡർ ലഭിച്ചുവെങ്കിലും നിയമതർക്കങ്ങളെ തുടർന്ന് സേവനം ആരംഭിക്കുന്നത് വൈകുകയായിരുന്നു. തുടർന്ന് വിദേശകാര്യ മന്ത്രാലയം നേരിട്ട് സേവനങ്ങൾ നടപ്പിലാക്കിയ പശ്ചാത്തലത്തിൽ വലിയ തോതിലുള്ള അപേക്ഷകളുടെ കുടിശ്ശിക രൂപപ്പെട്ടിരുന്നു. എന്നാൽ സേവനം ഏറ്റെടുത്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ അപേക്ഷകളുടെ കുടിശ്ശിക 100 ശതമാനവും തീർപ്പാക്കാൻ സാധിച്ചതായി അൽഹിന്ദ് അധികൃതർ അറിയിച്ചു. നിലവിൽ എല്ലാ കേന്ദ്രങ്ങളിലും അപ്പോയിന്റ്മെന്റുകൾ തടസ്സമില്ലാതെ ലഭ്യമാണ്.
ഫോം പൂരിപ്പിക്കൽ, ഫോട്ടോ എടുക്കൽ, ഫോട്ടോ കോപ്പി, കൊറിയർ സേവനം എന്നിവയുൾപ്പെടെയെല്ലാം ഉൾപ്പെടുത്തി 19 ദിർഹം എന്ന ഏകീകൃത നിരക്കിലാണ് അൽഹിന്ദ് സേവനങ്ങൾ നൽകുന്നത്. അപേക്ഷകർക്ക് ആവശ്യമായ അടിസ്ഥാന സേവനങ്ങളെല്ലാം കേന്ദ്രങ്ങളിൽ തന്നെ ലഭ്യമാക്കിയിട്ടുള്ളതിനാൽ പുറത്തുള്ള ഏജൻസികളെ ആശ്രയിക്കേണ്ടതില്ല. അപ്പോയിന്റ്മെന്റ് ബുക്കിംഗിന്റെ പേരിൽ വൻ തുക ഈടാക്കുന്ന തട്ടിപ്പ് ഏജൻസികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർദ്ധൻ റെഡ്ഡി അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.
അൽഹിന്ദിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി പ്രവാസികൾക്ക് അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാം. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ ദിവസേന രാവിലെ ഒമ്പത് മണിക്കും രാത്രി ഒമ്പത് മണിക്കും പുതിയ സ്ലോട്ടുകൾ ലഭ്യമാക്കും. എല്ലാ ദിവസവും രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയം. അപ്പോയിന്റ്മെന്റ് സമയത്തിന് 15 മിനിറ്റ് മുൻപ് മാത്രമായിരിക്കും അപേക്ഷകർക്ക് കേന്ദ്രത്തിനുള്ളിലേക്ക് പ്രവേശനം അനുവദിക്കുക. ബർ ദുബായിലെ കേന്ദ്രത്തിൽ മാത്രം കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി 45 കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
Published: 21 Sept 2026, 02:19 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented