അബുദാബി: കടുത്ത വേനൽച്ചൂടിൽ നിന്ന് ആശ്വാസമേകി യു.എ.ഇയിൽ സെപ്റ്റംബർ 23 ബുധനാഴ്ച മുതൽ ശരത്കാലത്തിന് തുടക്കമാകുമെന്ന് ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ വ്യക്തമാക്കി. പുലർച്ചെ 4.05-ഓടെ ശരത്കാലം ഔദ്യോഗികമായി ആരംഭിക്കും. ഈ സമയത്ത് കിഴക്കൻ ആകാശത്ത് ജെമിനി, ടോറസ്, ലിയോ, സിറിയസ്, കനോപസ്, പ്ലിയേഡ്‌സ് തുടങ്ങിയ നക്ഷത്രസമൂഹങ്ങൾ ദൃശ്യമാകും. എമിറേറ്റ്സ് അസ്ട്രോണോമിക്കൽ സൊസൈറ്റി ബോർഡ് ചെയർമാനും അറബ് യൂണിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസസ് അംഗവുമായ ഇബ്രാഹിം അൽ ജർവാൻ നൽകുന്ന വിവരമനുസരിച്ച്, ഒക്ടോബർ പകുതിയോടെ ശൈത്യകാല മേഘങ്ങൾ എത്തിത്തുടങ്ങും. ശരത്കാലത്തിന്റെ മധ്യത്തോടെ രാജ്യത്ത് മഴ ലഭിക്കാനുള്ള സാധ്യത വർധിക്കും. സീസണിന്റെ തുടക്കത്തിൽ ശരാശരി ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസുമായിരിക്കും. നവംബർ ആദ്യവാരത്തോടെ ഉയർന്ന താപനില 31 ഡിഗ്രി സെൽഷ്യസായും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസായും താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബർ 22-ഓടെ ശരത്കാലം അവസാനിക്കുമ്പോൾ ഉയർന്ന താപനില 25 ഡിഗ്രിയും കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസു വരെയായി കുത്തനെ കുറയും. സീസണിന്റെ ആദ്യ പകുതിയിൽ അന്തരീക്ഷ ഈർപ്പം വർധിക്കാനും പുലർകാലങ്ങളിൽ വൻതോതിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. അറേബ്യൻ ഉപദ്വീപിൽ കാർഷിക ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് ശരത്കാലത്തിന്റെ ആദ്യ പകുതിയെന്ന് അൽ ജർവാൻ ചൂണ്ടിക്കാട്ടി. വിത്തുകൾ പാകുന്നതിനും തൈകൾ വെച്ചുപിടിപ്പിക്കുന്നതിനും ഈ കാലാവസ്ഥ ഏറെ അനുകൂലമാണ്.
Published: 21 Sept 2026, 01:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented