റിയാദ്: പുതിയ ഉംറ സീസണിലേക്കുള്ള വിസ അപേക്ഷകൾ സൗദി അറേബ്യ സ്വീകരിച്ചു തുടങ്ങിയത് തീർഥാടകർക്ക് ആശ്വാസമായി. ഹജ്ജ്-ഉംറ മന്ത്രാലയം പുറത്തിറക്കിയ പുതിയ ഹിജ്‌റ ഉംറ കലണ്ടർ (1448) പ്രകാരം, 1447 ദുൽഹിജ്ജ 14-ാം തീയതിയായ 2026 മേയ് 31 മുതലാണ് ഉംറ വിസ അപേക്ഷകൾ ആരംഭിച്ചിരിക്കുന്നത്.
2026 ജൂൺ ഒന്ന് മുതൽ തീർഥാടകർക്ക് മക്കയിൽ പ്രവേശിക്കാനും നുസ്‌ക് ആപ്പിലൂടെ ഉംറ പെർമിറ്റ് നേടാനും സാധിക്കും. വിസ അനുവദിക്കൽ, സേവന കരാറുകൾ, തീർഥാടകരുടെ സ്വീകരണം എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ ഇലക്ട്രോണിക് സേവനങ്ങളുടെയും സമയക്രമം മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
ഉംറ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, തീർഥാടകർക്ക് മികച്ച അനുഭവം ഉറപ്പാക്കുക, പുതിയ സീസണിനായുള്ള ഒരുക്കങ്ങൾ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ കലണ്ടർ നടപ്പാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. 2027 മാർച്ച് 9 (ഹിജ്‌റ വർഷം 1448 ശവ്വാൽ 1) വരെയാണ് ഉംറ വിസ അനുവദിക്കുക. 2027 മാർച്ച് 23 (1448 ശവ്വാൽ 15 ) വരെ മാത്രമേ ഉംറ തീർഥാടകർക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ കഴിയൂ. അതേസമയം, 2027 ഏപ്രിൽ 7 (1448 ശവ്വാൽ 30 ) നു മുമ്പ് ഉംറ തീർഥാടകർ സൗദി അറേബ്യ വിടേണ്ട അവസാന തീയതിയായിരിക്കും.
ഉംറ സേവന ദാതാക്കളും വിദേശ ഏജൻസികളും മന്ത്രാലയം നിശ്ചയിച്ച സമയക്രമവും ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം നിർദേശിച്ചു. ഇതിലൂടെ സീസൺ മുഴുവൻ തീർഥാടകർക്ക് ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തൽ.
Published: 02 Jun 2026, 12:33 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented