മദീന: തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ 'അതിഥി ഹജ്ജ്, ഉംറ, സന്ദർശന പദ്ധതി' പ്രകാരമുള്ള ഈ വർഷത്തെ ആദ്യ ഉംറ തീർഥാടക സംഘം ബുധനാഴ്ച മദീനയിലെത്തും. ഏഷ്യയിലെ 16 രാജ്യങ്ങളിൽനിന്നുള്ള 250 പുരുഷ-വനിതാ തീർഥാടകരാണ് ആദ്യ ഘട്ടത്തിൽ എത്തുന്നതെന്ന് സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയം അറിയിച്ചു. 
സൽമാൻ രാജാവിന്റെ വ്യക്തിഗത ചെലവിൽ ഈ വർഷം 1,000 പുരുഷ-വനിതാ ഉംറ തീർഥാടകരെ അതിഥികളാക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്. ഇവരെ നാല് സംഘങ്ങളായി സൗദിയിലെത്തിക്കും.
ആദ്യസംഘത്തിൽ ഇൻഡോനേഷ്യ, തിമോർ-ലെസ്റ്റെ, ഫിലിപ്പീൻസ്, മലേഷ്യ, കംബോഡിയ, തായ്‌ലൻഡ്, വിയറ്റ്നാം, മ്യാൻമർ, ലാവോസ്, സിംഗപ്പൂർ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്‌വാൻ, മംഗോളിയ എന്നീ 16 രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരാണ് ഉൾപ്പെട്ടിരിക്കുന്നത്.
അതിഥികളെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും മന്ത്രാലയം പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. മദീനയിലെ താമസത്തിനിടെ പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും ഇസ്‌ലാമിക നാഗരികതയെ പരിചയപ്പെടുത്തുന്ന മ്യൂസിയങ്ങളും സന്ദർശിക്കാൻ പ്രത്യേക പരിപാടികൾ ഒരുക്കിയിട്ടുണ്ട്. തുടർന്ന് തീർഥാടകർ ഉംറ നിർവഹിക്കുന്നതിനായി മക്കയിലേക്ക് യാത്രതിരിക്കും.

To advertise here,