റിയാദ്: ഹജ്ജ്, ഉംറ തീർഥാടകർക്കും സന്ദർശകർക്കും 24 മണിക്കൂറും പിന്തുണയും മാർഗനിർദേശവും നൽകുന്ന 'ദുയൂഫുറഹ്മാൻ കെയർ സെന്റർ' (Pilgrims Care Center) കൂടുതൽ ശക്തമായ സേവനങ്ങളുമായി പ്രവർത്തിക്കുന്നതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.
ഏകീകൃത നമ്പറായ '1966'-ൽ വിളിക്കുന്നവർക്ക് 11-ലധികം ഭാഷകളിൽ വിവരസഹായം, പരാതികൾ സ്വീകരിക്കൽ, നിർദേശങ്ങൾ രേഖപ്പെടുത്തൽ, വിവിധ സേവനങ്ങളെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ എന്നിവ ദിവസവും 24 മണിക്കൂറും ലഭിക്കും. സൗദി വിഷൻ 2030-ന്റെയും 'ദുയൂഫുറഹ്മാൻ സേവന പരിപാടി'യുടെയും ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ സേവനം കൂടുതൽ വിപുലീകരിച്ചിരിക്കുന്നത്.
മന്ത്രാലയത്തിന്റെ വിശദീകരണപ്രകാരം, ഫീൽഡ് കേന്ദ്രങ്ങളുമായും ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായും ബന്ധിപ്പിച്ച സമഗ്ര ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ഇതിലൂടെ പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണാനും, അപേക്ഷകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും, ആവശ്യമായ സേവനങ്ങളിലേക്കും അനുയോജ്യമായ ചാനലുകളിലേക്കും തീർഥാടകരെ നയിക്കാനും സാധിക്കും. കൂടാതെ, സേവനങ്ങളെക്കുറിച്ചുള്ള തീർഥാടകരുടെ സംതൃപ്തിയും തുടർച്ചയായി വിലയിരുത്തും.
നിലവിലെ ഉംറ സീസൺ ആരംഭിച്ചത് മുതൽ മുതൽ ഇതുവരെ 1.34 ലക്ഷത്തിലധികം മാർഗനിർദേശ കോളുകളാണ് കൈകാര്യം ചെയ്തത്. മൊത്തത്തിലുള്ള ഉപഭോക്തൃ സംതൃപ്തി നിരക്ക് 91.45 ശതമാനവും, ശരാശരി പ്രതികരണ സമയം മൂന്ന് സെക്കൻഡും ആയിരുന്നു.
അതേസമയം, 1447 ഹിജ്റി ഹജ്ജ് സീസണിൽ കേന്ദ്രത്തിന് 3.30 ലക്ഷത്തിലധികം കോളുകൾ ലഭിച്ചു. ശരാശരി പ്രതികരണ സമയം 10 സെക്കൻഡ് മാത്രമായിരുന്നു. ഒരു കോൾ പോലും നഷ്ടപ്പെടാതെ (Zero Missed Calls) എല്ലാ കോളുകളും കൈകാര്യം ചെയ്യാൻ കഴിഞ്ഞതായും, സേവനങ്ങളിൽ ഗുണഭോക്തൃ സംതൃപ്തി 93.13 ശതമാനം രേഖപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. ഈ കണക്കുകൾ കേന്ദ്രത്തിന്റെ കാര്യക്ഷമതയും അതിവേഗ പ്രതികരണ സംവിധാനവും വ്യക്തമാക്കുന്നതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ലോകോത്തര നിലവാരത്തിലുള്ള COPC ഗുണനിലവാര മാനദണ്ഡങ്ങൾ നടപ്പാക്കിയും, പ്രവർത്തന നടപടികൾ കൂടുതൽ ഓട്ടോമേറ്റ് ചെയ്തും, പങ്കാളി സ്ഥാപനങ്ങളുമായുള്ള ഏകോപനം ശക്തിപ്പെടുത്തിയും സേവനങ്ങളുടെ നിലവാരം ഇനിയും മെച്ചപ്പെടുത്താനുള്ള നടപടികൾ തുടരുകയാണെന്ന് മന്ത്രാലയം അറിയിച്ചു.
ഹജ്ജ്, ഉംറ തീർഥാടകർക്കും സന്ദർശകർക്കും ആവശ്യമായ സമയത്തു '1966 ' എന്ന ഏകീകൃത നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാമെന്നും, യാത്രയുടെ എല്ലാ ഘട്ടങ്ങളിലും ആവശ്യമായ പിന്തുണയും മാർഗനിർദേശവും വേഗത്തിൽ ലഭ്യമാക്കി അവരുടെ തീർഥയാത്ര കൂടുതൽ സുഗമവും സുരക്ഷിതവുമാക്കുകയാണ് ഈ സേവനത്തിന്റെ ലക്ഷ്യമെന്നും ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി.
Content Highlights: 24/7 multilingual support via unified number 1966, Integration with Saudi Vision 2030 and Doyof Al Rahman program, High performance with 93.13% satisfaction rate for Hajj 1447 AH, Zero missed calls policy with ultra-fast response times, Comprehensive digital coordination with government agencies
Published: 06 Aug 2026, 03:22 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented