റിയാദ്: 2027ലെ ഹജ്ജിന് മുന്നോടിയായി മക്കയിലും മദീനയിലും തീർഥാടകരെ താമസിപ്പിക്കുന്ന ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾക്കുള്ള നിയമങ്ങളിലും ലൈസൻസിങ്, ലംഘനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങളിലും സൗദി ടൂറിസം മന്ത്രാലയം മാറ്റങ്ങൾ വരുന്നു. സൗകര്യങ്ങളുടെ പ്രവർത്തന സജ്ജത ഉറപ്പാക്കുന്നതിനും സേവന നിലവാരം ഉയർത്തുന്നതിനും തീർഥാടകർക്ക് സുരക്ഷിതവും ക്രമബദ്ധവുമായ താമസം ഉറപ്പാക്കുന്നതിനുമാണ് പുതിയ നടപടികൾ.
തീർഥാടകരെ സ്വീകരിക്കുന്നതിന് മുമ്പ് താമസ സൗകര്യങ്ങൾ പൂർണമായും പ്രവർത്തന സജ്ജമാണെന്ന് ഉറപ്പാക്കുകയാണ് പുതിയ ചട്ടങ്ങളുടെ പ്രധാന ലക്ഷ്യം. സുരക്ഷ, അറ്റകുറ്റപ്പണി, ആവശ്യമായ അടിസ്ഥാന സേവനങ്ങൾ, ശുചിത്വം, മറ്റ് പ്രവർത്തന മാനദണ്ഡങ്ങൾ എന്നിവ കർശനമായി പാലിക്കണം എന്ന് സൗദി ടൂറിസം മന്ത്രാലയ വക്താവ് നസ്ർ അൽഅൻസാരി പറഞ്ഞു.
ഹജ്ജ് താമസ സൗകര്യങ്ങളെ ഇക്കണോമി, ഫസ്റ്റ് ക്ലാസ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങൾ, മുറികൾ, റിസപ്ഷൻ, ശുചിത്വം, പരിപാലനം, അതിഥി സേവനങ്ങൾ എന്നിവയ്ക്കും ഓരോ വിഭാഗത്തിനും ആവശ്യമായ പ്രത്യേക മാനദണ്ഡങ്ങൾ ബാധകമായിരിക്കും.
നൂറ്റാണ്ടുകൾ നീണ്ട പാരമ്പര്യത്തിന്റെ ഭാഗമായാണ് ഹജ്ജ് തീർഥാടകർക്ക് മികച്ച ആതിഥേയ സേവനം ഒരുക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു.
2026-ൽ 17 ലക്ഷത്തിലധികം തീർഥാടകരാണ് ഹജ്ജ് നിർവഹിച്ചത്. ഇതിൽ 15,46,655 പേർ വിദേശങ്ങളിൽ നിന്നെത്തിയവരും 1,60,646 പേർ സൗദിയിലെ പൗരന്മാരും പ്രവാസികളുമാണ്.
കഴിഞ്ഞ ഹജ്ജ് സീസണിൽ താമസ സൗകര്യങ്ങളിലെ പരിശോധനയും ശക്തമാക്കിയിരുന്നു. മക്കയിലും മദീനയിലുമായി ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിലും താൽക്കാലിക തീർഥാടക താമസ കേന്ദ്രങ്ങളിലുമായി 19,000ത്തിലധികം പരിശോധനകൾ മന്ത്രാലയം നടത്തി. മക്കയിൽ 11,000ത്തിലധികവും മദീനയിൽ 5,000ത്തിലധികവും പരിശോധനകൾ നടന്നു. കൂടാതെ താൽക്കാലിക താമസ സൗകര്യങ്ങളുടെ ചട്ടപാലനവും സേവന നിലവാരവും വിലയിരുത്തുന്നതിനായി ഏകദേശം 3,000 സന്ദർശനങ്ങളും നടത്തി.
ഗുണനിലവാര മാനദണ്ഡങ്ങളും ലൈസൻസിങ് വ്യവസ്ഥകളും പാലിക്കുന്നതിന് ബോധവത്കരണത്തിന്റെ ഭാഗമായി 3,300ലധികം ഫീൽഡ് സന്ദർശനങ്ങളും നടന്നു. തീർഥാടകർക്ക് അന്വേഷണങ്ങൾക്കും പരാതികൾക്കും അഭിപ്രായങ്ങൾ അറിയിക്കാനും ഏകീകൃത ടൂറിസം കേന്ദ്രമായ 930 എന്ന നമ്പറിൽ ബന്ധപ്പെടാം.
തീർഥാടക താമസ സൗകര്യങ്ങളുടെ വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി മന്ത്രാലയം നേരത്തെ സ്മാർട്ട് അക്കോമഡേഷൻ സേവനവും ആരംഭിച്ചിരുന്നു. തത്സമയ തീർഥാടക വരവ് നിരീക്ഷണം, താമസ ശേഷിയുടെ വിവരങ്ങൾ, ഓട്ടോമാറ്റിക് പരിശോധന തുടങ്ങിയ സംവിധാനങ്ങൾ ഇതിലുണ്ട്. കാത്തിരിപ്പ് സമയം കുറയ്ക്കുകയാണ് ലക്ഷ്യം.
2027ലെ ഹജ്ജിനായി താമസ സൗകര്യങ്ങൾക്ക് ലൈസൻസ് നേടാൻ ഉദ്ദേശിക്കുന്നവർ ആവശ്യമായ നടപടികൾ നേരത്തെ പൂർത്തിയാക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. അറ്റകുറ്റപ്പണികളും മറ്റ് തയ്യാറെടുപ്പുകളും സമയബന്ധിതമായി പൂർത്തിയാക്കി ലൈസൻസ് അപേക്ഷകൾ നേരത്തെ സമർപ്പിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
Published: 16 Aug 2026, 10:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented