മക്ക: ഹജ്ജ് പുണ്യ കർമങ്ങൾ നടക്കുന്ന പുണ്യസ്ഥലങ്ങളിലെ ആരോഗ്യ സേവനങ്ങളുടെ സജ്ജീകരണവും പ്രവർത്തന കാര്യക്ഷമതയും നേരിട്ട് വിലയിരുത്തുന്നതിനായി സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജെൽ ഹജ്ജ് സീസണിനോടനുബന്ധിച്ച് വിവിധ ആരോഗ്യ സ്ഥാപനങ്ങൾ സന്ദർശിച്ചു. സ്വകാര്യ മേഖലയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രധാന ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലെ സേവന നിലവാരവും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകളും മന്ത്രി പരിശോധിച്ചു വിലയിരുത്തുകയുണ്ടായി.
ഹജ്ജ് തീർത്ഥാടകർക്കായി സംയോജിതവും ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടത്തിയത്. ആരോഗ്യ മേഖലയുമായുള്ള സഹകരണ പദ്ധതിയുടെയും ‘തീർത്ഥാടക അനുഭവ’ പദ്ധതിയുടെയും ഭാഗമായി ആരോഗ്യ സുരക്ഷയും സൗകര്യപ്രദമായ സേവനങ്ങളും ഉറപ്പാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്.
മന്ത്രിയുടെ സന്ദർശനത്തിൽ മിനയിലെ പ്രധാന ചികിത്സാ കേന്ദ്രമായ മിന എമർജൻസി ഹോസ്പിറ്റൽ-2 ഉൾപ്പെട്ടു. ആശുപത്രിയുടെ ശേഷി ഈ വർഷം 100 ശതമാനം വർധിപ്പിച്ച് 400 കിടക്കകളാക്കി ഉയർത്തിയതായി അധികൃതർ അറിയിച്ചു. മൂന്ന് നിലകളുള്ള പുതിയ വികസന പദ്ധതിയും 18,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള അനുബന്ധ കെട്ടിടവും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.
കൂടാതെ, ‘മിന എമർജൻസി ഹോസ്പിറ്റൽ-1’ നെയും ‘മിന എമർജൻസി ഹോസ്പിറ്റൽ-2’ നെയും തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന പ്രത്യേക പാലം നിർമ്മിച്ച് രോഗികളുടെ ഗതാഗതവും സേവന ഏകോപനവും കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട്.
114 കിടക്കകളുള്ള 'നമിറ ജനറൽ ആശുപത്രി'യും മന്ത്രി സന്ദർശിച്ചു. തീവ്രപരിചരണ വിഭാഗവും ഹീറ്റ് സ്‌ട്രോക്ക് രോഗികൾക്കായുള്ള പ്രത്യേക ചികിത്സാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹജ്ജ് കാലയളവിൽ ഉയർന്ന താപനിലയെ നേരിടാൻ ആവശ്യമായ എല്ലാ മെഡിക്കൽ സംവിധാനങ്ങളും സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
50 കിടക്ക ശേഷിയുള്ള ‘നമിറ പെഡസ്ട്രിയൻ ആശുപത്രി'’യും മന്ത്രി സന്ദർശിച്ച് സേവനങ്ങളുടെ നിലവാരം വിലയിരുത്തി. തീർത്ഥാടകർക്കുള്ള ചികിത്സാ സേവനങ്ങൾ വേഗത്തിലും സുരക്ഷിതമായും ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ ആശുപത്രികളിൽ ശക്തിപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
ഹജ്ജ് തീർത്ഥാടകർക്ക് ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ കർമ്മങ്ങൾ നിർവഹിക്കാൻ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Content Highlights: Saudi Health Minister evaluated medical readiness for the 2026 Hajj season
Published: 21 May 2026, 02:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented