മക്ക: ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ ദിനത്തിലെ ഉച്ചപ്രാർത്ഥനക്ക് (ഖുത്ബ) നേതൃത്വം നൽകാൻ ശൈഖ് അലി അൽ-ഹുദൈഫിയെ നിയമിച്ചു. നമിറ മസ്ജിദിൽ ഉച്ചയ്ക്കാണ് ഖുത്ബയും നമസ്കാരത്തിനും നേതൃത്വം നൽകുക. മദീനയിലെ മസ്ജിദുന്നബവിയുടെ ഇമാമും ഖതീബുമായ ശൈഖ് അലി അൽ-ഹുദൈഫി സൗദി അറേബ്യയിലും ആഗോള ഇസ്‌ലാമിക ലോകത്തും ശ്രദ്ധേയനായ പണ്ഡിതനും ഖുർആൻ പാരായണത്തിൽ പ്രമുഖനുമാണ്.
മക്കയിലെ മസ്ജിദുൽ ഹറാമിന്റെയും മദീനയിലെ മസ്ജിദുന്നബവിയുടെയും മതകാര്യ വകുപ്പ് തിങ്കളാഴ്ചയാണ് അറഫ ദിന ഖതീബിനെ പ്രഖ്യാപിച്ചത്.
ഹിജ്റ 1399 മുതൽ ഇന്നുവരെ ഏകദേശം 48 വർഷമായി മസ്ജിദുന്നബവിയിലെ ഇമാമും ഖതീബുമായി അൽ-ഹുദൈഫി സേവനം അനുഷ്ഠിച്ചുവരികയാണ്. മനോഹരമായ ഖുർആൻ പാരായണശൈലിയിലൂടെ ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്കിടയിൽ അദ്ദേഹം ശ്രദ്ധേയനായി. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി റേഡിയോ സ്റ്റേഷനുകൾ വഴി അദ്ദേഹത്തിന്റെ ഖുർആൻ പാരായണങ്ങൾ സംപ്രേഷണം ചെയ്തിട്ടുണ്ട്.
അറഫ ദിന ഖുത്ബ നിർവഹിച്ച പ്രമുഖ പണ്ഡിതരുടെ ശ്രേഷ്ഠ പട്ടികയിലേക്കാണ് ഇത്തവണ ശൈഖ് അലി അൽ-ഹുദൈഫിയും ഇടം നേടുന്നത്. ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ലാഹ് ആൽ അഷ്-ശൈഖ്, ശൈഖ് ഡോ. മാഹിർ അൽ-മുഐഖ്ലി, ശൈഖ് ഡോ. സ്വാലിഹ് ബിൻ ഹുമൈദ്, ശൈഖ് അബ്ദുല്ലാഹ് ബിൻ ഹസൻ ആൽ അഷ്-ശൈഖ്, ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ലാഹ് ബിൻ ഹസൻ ആൽ അഷ്-ശൈഖ്, സഅദ് ബിൻ നാസിർ അശ്-ശത്രി, അബ്ദുല്ലാഹ് അൽ-മുനീഅ് എന്നിവരും മുൻ വർഷങ്ങളിൽ ഈ ബഹുമതി അലങ്കരിച്ചവരാണ്.
അതേസമയം, മസ്ജിദുൽ ഹറാമിന്റെയും മസ്ജിദുന്നബവിയുടെയും മതകാര്യ വകുപ്പ് ഈ വർഷത്തേക്കുള്ള പ്രത്യേക ഹജ്ജ് പ്രവർത്തന പദ്ധതി ആരംഭിച്ചതായും അറിയിച്ചു. 150-ലധികം ഗുണമേൻമയുള്ള പദ്ധതികളും 10 സമഗ്ര സേവന പാതകളും ഉൾപ്പെടുന്ന പദ്ധതിയുടെ ഭാഗമായി 60 ഭാഷകളിൽ മതസേവനങ്ങൾ ഒരുക്കും. ഹജ്ജ് തീർഥാടകരുടെ ആത്മീയാനുഭവം സമ്പന്നമാക്കുകയും ഹറമൈൻ ശരീഫൈന്റെ സന്ദേശം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.


 

To advertise here,