റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഗൾഫ് ലക്ഷ്യ 2026' പ്രവർത്തക ക്യാമ്പ് ബത്ഹയിൽ നടന്നു. സംഘടനാ നവീകരണത്തിനും പ്രവർത്തകരുടെ ചിന്താദിശ നിർണയത്തിനുമായി ഒരുക്കിയ ക്യാമ്പ് രാഷ്ട്രീയ ബോധവത്കരണത്തിനും സംഘടനാ അച്ചടക്കത്തിനും പുതുവഴികൾ തുറന്നുവെന്ന വിലയിരുത്തലോടെയാണ് സമാപിച്ചത്.
ചടങ്ങിൽ ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ ആമുഖ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ചാലക്കുടി പാർലിമെന്റ് അംഗവും കോൺഗ്രസ് മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാനുമായ ബെന്നി ബെഹനാൻ എംപി പ്രവർത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് കോൺഗ്രസ് ആശയങ്ങളുടെ ശക്തമായ സാന്നിധ്യം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം പറഞ്ഞു. സംഘടനാ പ്രവർത്തനം വെറും ഔപചാരികതയല്ല, മറിച്ച് സാമൂഹിക ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി പി.എ. സലിം, നാഷണൽ കമ്മറ്റി പ്രസിഡന്റ് ബിജു കല്ലുമല, സെൻട്രൽ കമ്മിറ്റി സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ, കുഞ്ഞി കുമ്പള, നവാസ് വെള്ളിമാടുകുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, ശിഹാബ് കൊട്ടുകാട് തുടങ്ങിയവർ ആശംസകൾ നേർന്നു.
പ്രോഗ്രാം കോർഡിനേറ്റർ നിഷാദ് ആലംകോട് സ്വാഗതവും സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് വിവിധ സെക്ഷനുകളിലായി വിഷയാധിഷ്ഠിത ക്ലാസുകൾ നടന്നു. പ്രിയദർശിനി പബ്ലിക്കേഷൻ സൗദി ചാപ്റ്റർ കോഡിനേറ്റർ നൗഫൽ പാലക്കാടൻ വിഷയാവതരണം നടത്തി.
രാവിലെ നടന്ന ആദ്യസെക്ഷനിൽ 'സംഘാടനവും സംഘടനാ അച്ചടക്കവും', രണ്ടാം സെക്ഷനിൽ 'നാം എന്തിന് കോൺഗ്രസ് ആവണം' എന്നീ വിഷയങ്ങളിൽ ബാലകൃഷ്ണൻ പെരിയ സംസാരിച്ചു. സംഘടനയുടെ മൂല്യാധിഷ്ഠിത രാഷ്ട്രീയ നിലപാടുകൾ പുതുതലമുറയിലേക്ക് കൈമാറേണ്ടത് പ്രവർത്തകരുടെ കടമയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വിശദമായ മറുപടികളും നൽകി.
ഉച്ചയ്ക്ക് ശേഷം നടന്ന സെഷനിൽ 'തിരഞ്ഞെടുപ്പിലേക്ക് പ്രവാസത്തിന്റെ ചുവടുവെപ്പ്' എന്ന വിഷയവുമായി ബെന്നി ബെഹനാൻ എംപി ക്ലാസ് നയിച്ചു. പ്രവാസികളുടെ രാഷ്ട്രീയ ഇടപെടൽ കേരളത്തിന്റെ ഭാവി നിർണ്ണയത്തിൽ നിർണായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആശയപരവും സംഘടനാപരവുമായ ആത്മവിശ്വാസം പകർന്ന ക്യാമ്പ്, 'ഗൾഫ് ലക്ഷ്യ 2026'യുടെ വിജയകരമായ മുന്നേറ്റത്തിനായുള്ള പ്രതിജ്ഞയോടെയാണ് സമാപിച്ചത്.
പരിപാടിക്ക് സക്കീർ ദാനത്ത്, ഷംനാദ് കരുനാഗപ്പള്ളി, മുഹമ്മദലി മണ്ണാർക്കാട്, ശുക്കൂർ ആലുവ, സജീർ പൂന്തുറ, ബാലു കുട്ടൻ, ജോൺസൺ മാർക്കോസ്, നാദിർഷ റഹ്‌മാൻ, സെയ്ഫ് കായംകുളം, ഹക്കിം പട്ടാമ്പി, ബഷീർ കോട്ടക്കൽ, അഷ്റഫ് മെച്ചേരി, സിദ്ധീഖ് കല്ലുപറമ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.
Published: 20 Feb 2026, 12:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented