തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതിക്കായി ചെറു ആണവ നിലയം സ്ഥാപിക്കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. പഞ്ചവത്സര പദ്ധതിക്കായുള്ള ആസൂത്രണ ബോർഡ് രേഖയിൽ ചെറു ആണവ നിലയത്തിനുള്ള (സ്‌മോൾ മോഡ്യുലാർ റിയാക്ടറർ) പദ്ധതിയും ഇടംപിടിച്ചു. കേന്ദ്രസർക്കാർ രൂപവത്കരിച്ച പദ്ധതിയാണ് ഇതെങ്കിലും രാജ്യത്ത് എവിടെയും ചെറു ആണവ വൈദ്യുത നിലയം ഇതുവരെ യാഥാർഥ്യമായിട്ടില്ല. 

To advertise here,

ന്യൂക്ലിയാർ എനർജി മിഷന്റെ ഭാഗമായാണ് ചെറു ആണവ നിലയ പദ്ധതി 2025-ലെ കേന്ദ്രസർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി കേരളത്തിൽ ചെറു ആണവ നിലയം സ്ഥാപിക്കാനുള്ള ചർച്ചകൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ തുടങ്ങിയിരുന്നു. ബിജു പ്രഭാകർ കെഎസ്ഇബി ചെയർമാനായിരിക്കെയാണ് ആണവോർജ കോർപ്പറേഷനുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ വിമർശനങ്ങൾ ഉയർന്നതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

വി.ഡി. സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് ഇപ്പോൾ വീണ്ടും പദ്ധതിക്ക് ജീവൻ വെക്കുന്നത്. 2027-2023 വർഷത്തേക്കുള്ള പഞ്ചവത്സര പദ്ധതിക്കായുള്ള ആസൂത്രണ ബോർഡിന്റെ 'അപ്രോച്ച് പേപ്പറി'ലെ ഊർജവിഭാഗത്തിലാണ് ചെറു ആണവ നിലയത്തെ കുറിച്ച് പരാമർശിക്കുന്നത്. ദീർഘകാലത്തേക്ക് മുഴുവൻ സമയവും വൈദ്യുതി എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമായി രേഖയിൽ പറയുന്നത്.

കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനത്ത് ചെറു ആണവ നിലയം സ്ഥാപിക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ പരിഗണനാ വിഷയം. നവംബർ അഞ്ചിന് ചേർന്ന ആസൂത്രണ ബോർഡ് യോഗം ഈ അപ്രോച്ച് പേപ്പറിന് അംഗീകാരം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും ഇനി പഞ്ചവത്സര പദ്ധതി തയ്യാറാക്കുക. കേന്ദ്രസർക്കാരാണ് പദ്ധതി അനുവദിക്കേണ്ടതെങ്കിലും സ്ഥലം ഏറ്റെടുത്ത് നൽകേണ്ടതും പ്രത്യാഘാത പഠനവും ഗ്രിഡ് സജ്ജമാക്കലും സുരക്ഷയുമെല്ലാം സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്.