റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി യമനിലെ ഹൂതി സായുധസംഘം വിക്ഷേപിച്ച മിസൈൽ സഖ്യസേന തടഞ്ഞ് തകർത്തു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. മിസൈലിന്റെ അവശിഷ്ടങ്ങൾ താഴെ പതിച്ചതിനെ തുടർന്ന് ചിലയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടായതായും അധികൃതർ അറിയിച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുകയാണ്.
പുലർച്ചെ 4.42-ന് വ്യോമാക്രമണ ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സിവിൽ ഡിഫൻസ് ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് അടിയന്തര സന്ദേശം അയച്ചിരുന്നു. ഏകദേശം മൂന്ന് മിനിറ്റിന് ശേഷം തലസ്ഥാനത്ത് ശക്തമായ സ്ഫോടനശബ്ദം കേട്ടു. പിന്നാലെ അപകടഭീഷണി ഒഴിഞ്ഞതായി അറിയിച്ചുകൊണ്ടുള്ള സന്ദേശവും അധികൃതർ നൽകി.
പുലർച്ചെ 5.20-ഓടെ സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയാണ് റിയാദിനെ ലക്ഷ്യമിട്ടെത്തിയ മിസൈൽ ഭീഷണി സേന നേരിട്ടതായി സ്ഥിരീകരിച്ചത്.
മിസൈലിന്റെ അവശിഷ്ടങ്ങൾ താഴെ പതിച്ചതായും ഇതുമൂലമുണ്ടായ ഭൗതിക നാശനഷ്ടങ്ങൾ വിലയിരുത്തിവരികയാണെന്നും അദ്ദേഹം എക്സിലൂടെ അറിയിച്ചു. തലസ്ഥാനത്ത് ശക്തമായ സ്ഫോടനശബ്ദം കേട്ടതായി പ്രദേശവാസികളും റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സൗദി അറേബ്യക്കെതിരെ ഹൂതി ആക്രമണങ്ങൾ ശക്തമായ സാഹചര്യത്തിലാണ് പുതിയ സംഭവം. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, എണ്ണ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പ്രധാന അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിവരികയാണ് ഹൂതി സംഘം.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവും അരാംകോയുടെ ഭരണകാര്യാലയവും നേരത്തെയും ആക്രമണലക്ഷ്യമായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ആക്രമണങ്ങൾ ജനവാസ മേഖലകൾക്കും ഭീഷണിയുയർത്തിയിട്ടുണ്ട്. വ്യോമഗതാഗതത്തെയും ബാധിക്കുന്ന സാഹചര്യത്തിൽ സൗദി വ്യോമപ്രതിരോധ സേന തുടർച്ചയായി ഭീഷണികളെ നേരിടുകയും വിവിധ മേഖലകളിൽ സിവിൽ ഡിഫൻസ് ജാഗ്രതാ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.
അതേസമയം, സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന യമനിലെ ഹൂതി സൈനിക കേന്ദ്രങ്ങൾക്കെതിരെ തിരിച്ചടിയും തുടരുകയാണ്. മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, ആയുധ സംഭരണശാലകൾ, ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്ന മറ്റ് സൈനിക സംവിധാനങ്ങൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
യമനിലെ സഅദ, സൻആ, അൽ ഹുദൈദ, അൽ ജൗഫ്, മാരിബ് തുടങ്ങിയ പ്രവിശ്യകളിൽ സഖ്യസേനയുടെ നടപടികൾ നടന്നിട്ടുണ്ട്.
ഇറാനുമായി ബന്ധപ്പെട്ട പ്രാദേശിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹൂതി ആക്രമണങ്ങൾ ഗൾഫ് മേഖലയിലും ചെങ്കടൽ മേഖലയിലും സുരക്ഷാ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
സിവിലിയൻ കേന്ദ്രങ്ങൾക്കും നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഭൂപ്രദേശവും ജനങ്ങളും സുപ്രധാന സ്ഥാപനങ്ങളും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള അവകാശം സൗദിക്കുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Published: 20 Nov 2026, 12:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented