റിയാദ്: സൗദിയിലെ ദവാദ്മിയിൽ മരിച്ച തിരുവനന്തപുരം കിളിമാനൂർ വിളക്കാട്ടുകോണം പുണർതത്തിൽ അജയകുമാറിന്റെ (56) മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. ദവാദ്മിയിൽനിന്ന് ആവശ്യമായ നടപടികൾ പൂർത്തിയാക്കി ഗൾഫ് എയർ വിമാനത്തിൽ അൽഖസ്സീം വഴിയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്.
കഴിഞ്ഞ മാസമായിരുന്നു അജയകുമാറിന്റെ മരണം. താമസരേഖകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മറ്റ് നിയമനടപടികളും പൂർത്തിയാക്കാൻ ഒരുമാസത്തോളം സമയമെടുത്തു. നിലവിലെ പ്രത്യേക സാഹചര്യത്തിൽ മൃതദേഹം സൗദിയിൽത്തന്നെ സംസ്കരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, കുടുംബത്തിന്റെ ആവശ്യപ്രകാരം ഇന്ത്യൻ എംബസി ഇടപെട്ട് അൽഖസ്സീം വിമാനത്താവളം വഴി നാട്ടിലെത്തിക്കുന്നതിനുള്ള രേഖകളും വിമാനടിക്കറ്റും അനുവദിക്കുകയായിരുന്നു.
താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അജയകുമാറിനെ സ്വദേശി പൗരൻ വിവരമറിയിച്ചതിനെ തുടർന്ന് ആംബുലൻസ് അധികൃതരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു.
36 വർഷത്തോളമായി സൗദിയിൽ പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു അജയകുമാർ. എന്നാൽ, കഴിഞ്ഞ 15 വർഷത്തോളമായി നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ഇതിനു പിന്നിലെ സാഹചര്യങ്ങൾ പ്രവാസികൾക്ക് ഗൗരവമായ മുന്നറിയിപ്പാണ് നൽകുന്നത്.
സോഷ്യൽ മീഡിയയിലൂടെ മതനിന്ദ നടത്തിയെന്ന ആരോപണത്തെ തുടർന്ന് അജയകുമാർ സൗദിയിൽ അറസ്റ്റിലായിരുന്നു. കേസിന്റെ വിചാരണ നടപടികൾ തുടരുന്നതിനിടെ ഒരു സ്വദേശി പൗരന്റെ ജാമ്യത്തിലാണ് അജയകുമാർ പുറത്തിറങ്ങിയത്. തുടർന്ന് ഇദ്ദേഹം സ്വന്തം താമസസ്ഥലത്ത് അജയകുമാറിന് താമസസൗകര്യം നൽകുകയായിരുന്നു. പിന്നീട് സ്പോൺസറുമായി ബന്ധപ്പെടുന്നതിനോ ഇഖാമ പുതുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനോ അജയകുമാർ തയ്യാറായില്ല. ജാമ്യത്തിലിറക്കിയ സ്വദേശി പൗരനോടൊപ്പം താമസിച്ച് ദൈനംദിന ജീവിതച്ചെലവുകൾക്കായി ലഭിക്കുന്ന ജോലികൾ ചെയ്താണ് പിന്നീട് ജീവിതം മുന്നോട്ടുകൊണ്ടുപോയത്.
പൊലീസ് കേസുമായി ബന്ധപ്പെട്ട ഭയവും ആശങ്കയും കാരണം പൊതുസമൂഹത്തിൽനിന്ന് പൂർണമായും അകന്നായിരുന്നു തുടർന്നുള്ള ജീവിതം. നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കാനോ താമസരേഖകൾ ക്രമപ്പെടുത്താനോ ആവശ്യമായ ഇടപെടലുകൾ നടത്താതെ വർഷങ്ങളോളം ഇത്തരത്തിൽ കഴിയുകയായിരുന്നു. ഈ സാഹചര്യം അജയകുമാറിന്റെ പ്രവാസജീവിതം പരിമിതപ്പെടുത്തുകയും നാട്ടിലേക്ക് മടങ്ങാനുള്ള അവസരം ഇല്ലാതാക്കുകയും ചെയ്തു.
അജയകുമാറിന്റെ മരണവിവരം ദവാദ്മി പൊലീസ് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തെ അറിയിച്ചതോടെയാണ് മൃതദേഹം തിരിച്ചറിയുന്നതിനും തുടർനടപടികൾക്കും കേളി പ്രവർത്തകർ ഇടപെട്ടത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കുന്നതടക്കമുള്ള നടപടികൾക്ക് കേളി നേതൃത്വം നൽകി.
പരേതരായ സോമരാജന്റെയും കമലമ്മയുടെയും മകനാണ് അജയകുമാർ. സുഗന്ധി, അനിത, ജീന എന്നിവർ സഹോദരിമാരാണ്. ദവാദ്മിയിൽ മുൻ പ്രവാസിയായിരുന്ന ഷാജിയാണ് സഹോദരൻ.
Published: 20 Nov 2026, 12:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented