റിയാദ്: തീപ്പിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് മരിച്ച മലപ്പുറം അങ്ങാടിപ്പുറം പരിയാപുരം തട്ടാരക്കാട് സ്വദേശി ഫസലുദ്ദീൻ വടക്കേക്കരയുടെ (52) മൃതദേഹം നിരവധി പ്രതിസന്ധികൾ മറികടന്ന് നാട്ടിലെത്തിച്ചു. വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ കാരണം മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയത് കുടുംബത്തിന്റെ അന്ത്യദർശനവും സംസ്‌കാരച്ചടങ്ങുകളും അനിശ്ചിതത്വത്തിലാക്കിയിരുന്നു.

To advertise here,

റിയാദിലെ അൽനസീം പരിസരത്ത് അബൂഹുറൈറ സ്ട്രീറ്റിലുള്ള തൊഴിലാളികളുടെ താമസസ്ഥലത്ത് ഒക്ടോബർ ഏഴിന് വൈകിട്ട് ആറിനായിരുന്നു തീപ്പിടിത്തം. ഒന്നാം നിലയിലെ കുളിമുറിയിൽ വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപ്പിടുത്തമുണ്ടായതെന്നാണ് സിവിൽ ഡിഫൻസ് റിപ്പോർട്ട്. സംഭവത്തിൽ അസ്വഭാവികതയുണ്ടെന്നതിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
ശരീരത്തിന്റെ 90 ശതമാനത്തോളം പൊള്ളലേറ്റ ഫസലുദ്ദീനെ റെഡ് ക്രസന്റ് സംഘം നാഷണൽ ഗാർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ചികിത്സയ്ക്കിടെയാണ് മരിച്ചത്. മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള രേഖകൾ ഒക്ടോബർ 12-നുതന്നെ തയ്യാറാക്കി റിയാദ് വിമാനത്താവളം വഴി അയക്കാൻ ശ്രമിച്ചെങ്കിലും വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചതോടെ നടപടികൾ മുടങ്ങി. തുടർന്ന് ദമാം വിമാനത്താവളം വഴി അയക്കുന്നതിനുള്ള രേഖകൾ വീണ്ടും തയ്യാറാക്കിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പെരിന്തൽമണ്ണ തേക്കിൻകോട്ടെ വീട്ടിലെത്തിച്ചു. പരിയാപുരം ജുമാമസ്ജിദ് കബർസ്ഥാനിലായിരുന്നു കബറടക്കം. റിയാദ് കേളി കലാസാംസ്‌കാരിക വേദിയുടെ നസീം ഏരിയയിലെ ഷാര ഹംസ യൂണിറ്റ് അംഗമായിരുന്നു ഫസലുദ്ദീൻ. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേളി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി. പരേതനായ അബൂബക്കറിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: ഫസ്ല. മകൻ: മുഹമ്മദ് ഫഹീം.