ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘കോൺഗ്രസ് എത്ര സീറ്റുകൾ നേടിയിട്ടുണ്ടാകുമെന്ന് ഊഹിക്കാമോ’ എന്ന് സമൂഹമാധ്യമമായ എക്സിൽ അദ്ദേഹം ചോദിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുമായി (ഇ.വി.എം.) ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളെ പരിഹസിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കോൺഗ്രസിന്റെ തോൽവിയിൽ പരിഹാസം കലർത്തി, പോസ്റ്റിനൊപ്പം ഒരു ഇമോജി കൂടി പങ്കുവെച്ചാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്.

To advertise here,

‘ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, കർണാടക എന്നീ നാല് സംസ്ഥാനങ്ങളിലെ 28 സീറ്റുകളിലേക്ക് ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പ് നടന്നു. ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് എത്ര സീറ്റുകൾ നേടിയെന്ന് ഊഹിക്കാമോ?’, പരിഹാസവും സംശയവും പ്രകടിപ്പിക്കുന്ന ഒരു ഇമോജിയോടെ എക്സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം ചോദിച്ചു. ഇ.വി.എം. ക്രമക്കേട് ആരോപിക്കുകയും ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന കോൺഗ്രസിനെ ലക്ഷ്യമിട്ടാണ് ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പിലെ തോൽവി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.

നാല് സംസ്ഥാനങ്ങളിലെ 28 ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ കനത്ത തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്. ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽപോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. മത്സരിച്ച 12 സീറ്റുകളിൽ നാലെണ്ണം മുമ്പ് കോൺഗ്രസ് ജയിച്ചവയായിരുന്നു. നിലവിൽ ഭരണത്തിലിരിക്കുന്ന കർണാടകയിൽ ഒരു സീറ്റ് പോലും നേടാനാകാത്തതാണ് പാർട്ടിക്ക് ലഭിച്ച ഏറ്റവും വലിയ തിരിച്ചടി.