ന്യൂഡൽഹി: ഇന്ത്യയിലെ വ്യവസായം ‘മോദിയുടെയും ഷായുടെയും കളിപ്പാട്ടമല്ലെന്ന’ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ടാറ്റയിലെ തർക്കവുമായി ബന്ധപ്പെട്ടായിരുന്നു രാഹുലിന്റെ വിമർശനം. പിന്നാലെയാണ് മറുപടിയുമായി നിർമല രംഗത്തെത്തിയത്.

To advertise here,

പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് രാഹുൽ, സകല വിഷയത്തെയും രാഷ്ട്രീയവത്കരിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് നിർമല പറഞ്ഞു. വ്യവസായ-നിയമ വിഷയങ്ങളെ ലാഘവത്തോടെ ക്രിമിനൽ വിഷയങ്ങളെന്ന് മുദ്രകുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ മന്ത്രി പറഞ്ഞു.

ഇന്ത്യൻ വ്യവസായ മേഖലയുടെയും നമ്മുടെ സംരംഭകരുടെയും വിജയങ്ങളെ താങ്കൾ ആവർത്തിച്ച് അധിക്ഷേപിച്ചിട്ടുണ്ട്. ഇപ്പോൾ, അവിശ്വാസവും വിഷലിപ്തമായ അന്തരീക്ഷവും പരത്താൻ താങ്കളോടൊപ്പം ചേരാൻ നമ്മുടെ വ്യവസായ പ്രമുഖരെ പ്രേരിപ്പിക്കാനാണോ താങ്കൾ ശ്രമിക്കുന്നതെന്ന് കുറിപ്പിൽ നിർമല ചോദിച്ചു. 

'പതിറ്റാണ്ടുകളോളം, നിങ്ങളുടെ പാർട്ടി കടുത്ത നിയന്ത്രണങ്ങൾ നിറഞ്ഞ 'ലൈസൻസ്-ക്വാട്ടാ രാജ്' എന്ന രീതിക്കുകീഴിൽ ഇന്ത്യൻ സംരംഭകരുടെ സംരംഭക മനോഭാവത്തെ അടിച്ചമർത്തുകയും കോടിക്കണക്കിന് ഇന്ത്യക്കാരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഞങ്ങളുടെ സർക്കാർ, ഇന്ത്യൻ വ്യവസായ മേഖലയെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവരായും സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയായുമായാണ് പരിഗണിക്കുന്നത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും വ്യവസായ മേഖലയെ പിന്തുണയ്ക്കാനും നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഞങ്ങളുടെ നയങ്ങൾ രൂപവത്കരിച്ചിട്ടുള്ളത്’, നിർമല കൂട്ടിച്ചേർത്തു.

'രാഷ്ട്രീയ പാർട്ടികൾ, നേതാക്കൾ, സർക്കാരുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് നമ്മുടെ വ്യവസായ മേഖലയെ പിന്തുണയ്ക്കാനും കർഷകരെ ശാക്തീകരിക്കാനും യുവജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാനും തുല്യമായ ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടുതന്നെ താങ്കളുടെ സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പകരം, ക്രിയാത്മകമായ ചർച്ചകളിൽ ഏർപ്പെടേണ്ടത് അനിവാര്യമാണ്.

ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും നീതി ഉറപ്പുനൽകുന്നു. ആ നീതി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമാണ് നമ്മുടെ കോടതികളിൽ നിക്ഷിപ്തമായിരിക്കുന്നത്. എന്നാൽ, താങ്കളും താങ്കളുടെ പാർട്ടിയും താങ്കളുടെ പാർട്ടിയുടെ പ്രധാനമന്ത്രിമാരും നീതിന്യായ വ്യവസ്ഥയെ എത്ര മോശമായ രീതിയിലാണ് അപമാനിച്ചിട്ടുള്ളത് എന്നതിന് ചരിത്രം സാക്ഷിയാണ്’, നിർമല കുറിപ്പിൽ പറയുന്നു.

രാഹുലിന്റെ വിമർശനം

ടാറ്റ വിഷയത്തിൽ സാമൂഹികമാധ്യമായ എക്‌സിലെ കുറിപ്പിലായിരുന്നു രാഹുലിന്റെ വിമർശനം. ടാറ്റയെ നിന്ദ്യമായ വിധത്തിൽ തകർത്തുകൊണ്ടിരിക്കുകയാണെന്നും ഒരക്ഷരം മിണ്ടാൻ ഒരു വ്യവസായ പ്രമുഖനുപോലും ധൈര്യമില്ലെന്നും രാഹുൽ കുറിപ്പിൽ പറഞ്ഞിരുന്നു. എത്രകാലം നിങ്ങളിങ്ങനെ മൗനംപാലിക്കും? അവർ നിങ്ങളെ സ്വന്തമാക്കുംവരെയോ? ഇന്ത്യൻ വ്യവസായം മോദിയുടെ കളിപ്പാട്ടമല്ല. നിങ്ങൾക്ക് ധൈര്യമില്ല. ഞങ്ങൾക്ക് അങ്ങനെയല്ല. ഈ കുറ്റകൃത്യങ്ങൾക്ക് ഞങ്ങൾ നീതി ഉറപ്പാക്കും, എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള വിവിധ കമ്പനികളുടെ ഹോൾഡിങ് സ്ഥാപനമായ ടാറ്റ സൺസിലെ തർക്കം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.

ടാറ്റയിലെ പ്രതിസന്ധി

ടാറ്റാ സൺസിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ വീണ്ടും നിയമിക്കുന്നതിനെച്ചൊല്ലിയും ഹോൾഡിങ് കമ്പനിയെ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുന്നതുമായും ബന്ധപ്പെട്ടുമാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്. നോയൽ ടാറ്റ തലപ്പത്തിരിക്കുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന ടാറ്റാ ട്രസ്റ്റിന്, ടാറ്റാ സൺസിൽ 66 ശതമാനം ഓഹരിയാണുള്ളത്. ഹോൾഡിങ് കമ്പനിയുടെ ചെയർപേഴ്‌സൺ സ്ഥാനത്ത് ചന്ദ്രശേഖരനെ അഞ്ചുവർഷത്തേക്കുകൂടി നിയമിക്കാനായി ടാറ്റാ സൺസിന്റെ ബോർഡ് പ്രമേയം പാസാക്കിയിരുന്നു. എന്നാൽ, ഈ പ്രമേയത്തിന്റെ സാധുതയെ ചോദ്യംചെയ്ത് നോയൽ ടാറ്റ രംഗത്തെത്തി. നടപടിക്രമങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇക്കഴിഞ്ഞ സെപ്റ്റംബർ 17-നായിരുന്നു ഇത്. ചന്ദ്രശേഖരൻ 2027 ഫെബ്രുവരിമാസം വിരമിക്കുമെന്ന് പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷമാണ് ഈ സംഭവവികാസം ഉണ്ടായത്.

തിങ്കളാഴ്ച കമ്പനി സെക്രട്ടറിക്കും ടാറ്റാ ഗ്രൂപ്പിന്റെ കോർപറേറ്റ് സെക്രട്ടറിക്കും അയച്ച കത്തിൽ, സെപ്റ്റംബർ 17-ന് നടന്ന ഡയറക്ടർ ബോർഡ് യോഗത്തിനായി വിതരണം ചെയ്ത അജൻഡയിൽ എൻ. ചന്ദ്രശേഖരനെ വീണ്ടും ചെയർമാനായി നിയമിക്കുന്ന കാര്യം വ്യക്തമാക്കിയിരുന്നില്ലെന്ന് നോയൽ ടാറ്റ പറയുന്നു. ഈ യോഗത്തിന്റെ ഓഡിയോ-വീഡിയോ റെക്കോഡിങ്ങുകളും ലഭ്യമാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

സാമ്പത്തിക സുതാര്യതയും മികച്ച കോർപ്പറേറ്റ് ഭരണസംവിധാനവും ഉറപ്പാക്കുന്നതിനായി ആർബിഐ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, ടാറ്റ സൺസിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമോ എന്ന കാര്യത്തിലും കമ്പനിക്കുള്ളിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ട്. ഉയർന്ന നിലയിലുള്ള നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി (അപ്പർ ലെയർ എൻബിഎഫ്‌സി) ആയാണ് ടാറ്റാ സൺസിനെ പരിഗണിക്കുന്നത്. അതിനാൽത്തന്നെ വലിയ സാമ്പത്തിക അപകട സാധ്യതകളിൽനിന്ന് ഇതിനെ സംരക്ഷിക്കേണ്ടതുണ്ട്. എന്നാൽ, ടാറ്റാ സൺസിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനെതിരായ നിലപാടാണ് നോയൽ ടാറ്റയ്ക്കും ടാറ്റാ ട്രസ്റ്റിനുമുള്ളത്. മറ്റ് മാർഗങ്ങൾ കണ്ടെത്താൻ ഹോൾഡിങ് കമ്പനി ശ്രമിക്കണമെന്നാണ് ഇവരുടെ ആവശ്യം.