ഭോപ്പാൽ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) സഹായത്തോടെ മദ്യനിർമാണം പഠിച്ച് രാസവസ്തുക്കൾ ചേർത്ത് വ്യാജമദ്യം നിർമിക്കുകയും ആക്രി വ്യാപാരികളിൽനിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വിതരണം ചെയ്യുകയും ചെയ്ത സംഘം മധ്യപ്രദേശിൽ പിടിയിലായി. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് പോലീസിനെപ്പോലും ഞെട്ടിച്ച ഈ വ്യാജമദ്യ നിർമാണരീതി പുറത്തുവന്നത്. സംഭവത്തിൽ പ്രധാന പ്രതിയായ അജയ് റാത്തോഡ് ഉൾപ്പെടെ പത്തുപേരെ ദേവാസ് കൊത്ത്വാലി പോലീസ് അറസ്റ്റ് ചെയ്തു.
സെപ്റ്റംബർ മാസം മുതൽ അജയ് റാത്തോഡ് വീടുകളിൽ മദ്യം ഉണ്ടാക്കുന്ന രീതികളെക്കുറിച്ചും രാസമിശ്രിതങ്ങളെക്കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമുകൾ വഴി നിരന്തരം വിവരങ്ങൾ തിരഞ്ഞിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഇയാൾ ഇന്ദോറിലെ സ്വകാര്യ സ്ഥാപനത്തിൽനിന്ന് രാസവസ്തുക്കൾ ഓർഡർചെയ്തു വരുത്തുകയായിരുന്നു. ഒക്ടോബർ രണ്ടിനും ഏഴിനും ഇടയിൽ ആക്രി വ്യാപാരികളിൽനിന്ന് വാങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ വെള്ളവും രാസവസ്തുക്കളും ചേർത്തുണ്ടാക്കിയ മിശ്രിതം നിറച്ചു. പിന്നീട്, ലൈസൻസുള്ള മദ്യഷോപ്പുകളിലെ ജീവനക്കാരുടെ സഹായത്തോടെ യഥാർഥ മദ്യവുമായി ഇത് കലർത്തി, ഒക്ടോബർ ആറുമുതൽ 12 വരെയുള്ള ദിവസങ്ങളിൽ ഗ്രാമീണ മേഖലകളിൽ വിതരണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ദേവാസിലെയും ഇന്ദോറിലെയും മൂന്ന് ലൈസൻസുള്ള മദ്യശാലകളിലെ നാല് ജീവനക്കാരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. രാസവസ്തുക്കൾ വിതരണം ചെയ്ത ഇന്ദോറിലെ ഗോഡൗൺ പോലീസ് സീൽ ചെയ്തു.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ രൂക്ഷമായ ഛർദിയും തലകറക്കവും അനുഭവപ്പെട്ട് പത്തോളം പേർ മരിച്ചതായി പ്രദേശവാസികൾ പറഞ്ഞു. എന്നാൽ, കഴിഞ്ഞ ഒരു മാസത്തിനിടെ 22 പേർ മരണപ്പെടുകയും കുറഞ്ഞത് 40 പേർക്കെങ്കിലും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി ആരോപിച്ചു.
മരണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ജില്ലാ ഭരണകൂടം ആദ്യം തള്ളിക്കളഞ്ഞെങ്കിലും പിന്നീട് സംഭവം അന്വേഷിക്കാൻ ഉജ്ജയിൻ ഡിവിഷണൽ കമ്മീഷണറുടെ നേതൃത്വത്തിൽ അഞ്ചംഗ അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചു. ഒപ്പം, ദേവാസ്, സാഗർ ജില്ലകളിലെ കളക്ടർമാരെയും എസ്.പി.മാരെയും ഉൾപ്പെടെ ഒമ്പത് മുതിർന്ന ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി.
Content Highlights: Gang used Artificial Intelligence to learn fake liquor manufacturing techniques and chemical mixing., Filled chemicals and water into branded empty bottles collected from scrap dealers., Distributed the illicit liquor through licensed wine shops in rural areas., Ten people arrested, including the mastermind Ajay Rathore and liquor shop employees., Government formed a probe team and transferred top officials following reports of deaths and health issues.
Published: 28 Oct 2026, 07:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented