
ടെൽ അവീവ്: വെടിനിർത്തൽ ഉറപ്പാക്കുന്നതിനും രാജ്യത്തിന് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുമായി ഇറാന്റെ മധ്യസ്ഥതയിലുള്ള കരാറിന്റെ ഭാഗമായി സൗദി അറേബ്യ ഹൂതികൾക്ക് ഒരു ബില്യൺ യുഎസ് ഡോളർ വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്. ഗൾഫിലെ നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രയേലി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഹൂതികളുമായി വെടിനിർത്തൽ ഉറപ്പാക്കാനുള്ള ചർച്ചകൾക്കായിട്ടാണ് സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ കഴിഞ്ഞ ദിവസം ടെഹ്‌റാനിലെത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സൗദി മന്ത്രി വിമാനത്തിൽ ഹൂതികൾക്ക് കൈമാറാനുള്ള പണവുമായിട്ടാണ് എത്തിയതെന്നും നയതന്ത്രവൃത്തങ്ങൾ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ സൗദിയുടെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
മക്ക പ്രതിരോധ കരാറിൽ ഉൾപ്പെട്ട രാജ്യങ്ങളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം ടെഹ്‌റാനിലെത്തിയിരുന്നു. സൗദി മന്ത്രിയെ കൂടാതെ തുർക്കി ഇന്റലിജൻസ് മേധാവി ഇബ്രാഹിം കലിൻ, പാകിസ്താൻ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവരും ചർച്ചകൾക്കായി ഇറാനിലെത്തിയിരുന്നു.
ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, ഇറാന്റെ പരമോന്നത സുരക്ഷാ കൗൺസിൽ സെക്രട്ടറി ജനറൽ മൊഹ്സെൻ റസായി, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ളവരുമായി ഇവർ ചർച്ച നടത്തുകയുണ്ടായി.
സൗദി വിമാനത്താവളങ്ങൾക്കും എണ്ണ സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സൗദി അറേബ്യയും ഹൂതികളും തമ്മിൽ മധ്യസ്ഥത വഹിക്കാൻ ഇറാൻ മുന്നോട്ടുവന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹോർമുസ് കടലിടുക്കിലെ ടാങ്കറുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണവും ഗൾഫിൽ നിന്നുള്ള എണ്ണ കയറ്റുമതിയെ തടസ്സപ്പെടുത്തിയിട്ടുണ്ട്.
നിലവിലെ സംഘർഷങ്ങളും പ്രതിസന്ധികളും കുറയ്ക്കാനും നയതന്ത്ര നീക്കങ്ങൾക്കുമാണ് പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ ഇറാൻ സന്ദർശിച്ചതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. എന്നാൽ ഹൂതികളുമായി ബന്ധപ്പെട്ട ഇടപാട് സംബന്ധിച്ച് പരാമർശങ്ങൾ ഇതിലില്ല.
മൂന്ന് വർഷം മുമ്പത്തെ ധാരണപ്രകാരം ഒത്തുതീർപ്പിനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി അറേബ്യ ഹൂതികൾക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകേണ്ടതായിരുന്നുവെന്നാണ് വിവരം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ജീവനക്കാരുടെ ശമ്പളം നൽകാനും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കാനും ലക്ഷ്യമിട്ടാണ് ധനസഹായം നൽകാമെന്ന ധാരണയുണ്ടായിരുന്നത്. എന്നാൽ സൗദി അറേബ്യ മുൻകാല ധാരണകളിൽ നിന്ന് പിന്മാറിയെന്ന് സമീപകാല ആക്രമണങ്ങളെ ന്യായീകരിച്ച് ഹൂതികൾ പറഞ്ഞിരുന്നു.
ഇതിനിടെ സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണമുണ്ടായി. ഹൂതികൾ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചു. 4 ഡ്രോണുകളും 3 മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രണം. നാശനഷ്ടങ്ങളുടെ കണക്ക് ലഭ്യമായിട്ടില്ല. മക്ക ഉടമ്പടി രാജ്യങ്ങൾ ചർച്ച നടത്തി മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം.
Content Highlights: Saudi Arabia reportedly offered $1 billion to the Houthis through Iranian mediation., Saudi Defense Minister Prince Khalid bin Salman visited Tehran for ceasefire talks., Officials from Turkey and Pakistan also joined regional security discussions in Iran., The financial aid aims to pay salaries and rebuild civilian infrastructure in Houthi-controlled areas.
Published: 27 Oct 2026, 10:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented