
തിരുവനന്തപുരം: കിഫ്ബിയിൽ ഉയർന്ന ക്രമക്കേട് ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ. ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കിഫ്ബി വഴി കണ്ണൂർ ജില്ലയിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ നടപടിക്രമങ്ങളിലെ വീഴ്ച സംബന്ധിച്ച് ധനകാര്യ റവന്യൂ വകുപ്പുകളുടെ സാങ്കേതിക സഹായത്തോടെ വിശദമായ അന്വേഷണം നടത്താനാണ് മന്ത്രിസഭ സംസ്ഥാന വിജിലൻസിനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചത്.
കിഫ്ബിക്കെതിരേ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ചകളും ക്രമക്കേടുകളും ചൂണ്ടിക്കാണിച്ച സാഹചര്യത്തിലാണ് നടപടി. യു.ഡി.എഫ്. സർക്കാർ അധികാരത്തിൽവന്നതിന് പിന്നാലെയാണ് കിഫ്ബിയുടെ മുൻകാല പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചത്. സമിതി നടത്തിയ സമഗ്രമായ പരിശോധനയ്ക്കുശേഷം സമർപ്പിച്ച റിപ്പോർട്ടിൽ കിഫ്ബിയുടെ ഭാഗത്തുനിന്നുണ്ടായ നിരവധി നിയമലംഘനങ്ങളും ക്രമക്കേടുകളും വ്യക്തമാക്കിയിരുന്നു.
വിദഗ്ധ സമിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ള പ്രധാന അഴിമതി ആരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളുമാണ് വിജിലൻസ് അന്വേഷിക്കുന്നത്. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും വരുംദിവസങ്ങളിൽ അന്വേഷണ നടപടികൾ കൂടുതൽ ശക്തമാക്കുക.
മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ
- പാലക്കാട് നെന്മാറയിൽ 2025 ജനുവരി 27-ന് നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമര വെട്ടിക്കൊലപ്പെടുത്തിയ സുധാകരന്റെ മകൾ അതുല്യയ്ക്ക് സർക്കാർ ജോലി നൽകാൻ തീരുമാനിച്ചു. ഇളയ മകൾ അഖിലയുടെ തുടർ പഠനത്തിന് സർക്കാർ പ്രത്യേക ധനസഹായം നൽകും.
- പട്ടികജാതി- പട്ടിക വർഗ-മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള പ്രത്യേക ഭവന പദ്ധതിക്ക് ഭരണാനുമതി നൽകി. പട്ടികജാതി കുടുംബങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കുമുള്ള ഭവന ധനസഹായ തുക നാലു ലക്ഷത്തിൽ നിന്നും 6 ലക്ഷമായും പട്ടിക വർഗ വിഭാഗത്തിനുള്ള ധനസഹായം ആറിൽ നിന്നും എട്ട് ലക്ഷമായും ഉയർത്തി.
- മന്ത്രിമാരുടെയും എം.എൽ.എ.മാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി.
- 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കുവേണ്ടി ഷൂട്ടിംഗിൽ രണ്ട് വെള്ളി മെഡലുകൾ നേടിയ വിദർശ കെ. വിനോദിന് സർക്കാർ ജോലി നൽകാൻ തീരുമാനിച്ചു.
- കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ നിർദേശം അനുസരിച്ച് 1958 ലെ കേരള സ്റ്റേറ്റ് ആന്റ് സബോർഡിനേറ്റ് സർവീസ് റൂൾ പാർട്ട് 1 ഷെഡ്യൂൾ ലിസ്റ്റ് 3 - മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (OBC) പട്ടികയിലെ എൻട്രി നമ്പർ 55 ൽ പട്ടാരിയ (Pattariya) എന്ന വിഭാഗത്തെയും എൻട്രി നമ്പർ 62 ൽ ശാലിയ (Saliya) വിഭാഗത്തെയും കൂട്ടിച്ചേർക്കാൻ തീരുമാനിച്ചു.
- പൊലീസ് വകുപ്പിൽ പുനർവിന്യസിച്ച 86 എസ്‌ഐ തസ്തികകളിൽ 48 ഒഴിവുകൾ പി.എസ്.സി സ്ഥിരം ഒഴിവുകളായി റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചു.
- പൊലീസിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കാൻ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള പുരുഷ/വനിതാ നിയമന അനുപാതം 9:1 ൽ നിന്നും 7:3 ആയി വർധിപ്പിക്കാൻ തീരുമാനിച്ചു.
Content Highlights: Vigilance probe ordered into KIIFB irregularities and land acquisition issues in Kannur., Expert committee highlighted serious violations and financial irregularities in KIIFB., Government announced a job for the daughter of Nenmara double murder victim Sudhakaran., Housing assistance hiked for Scheduled Castes, Scheduled Tribes, and fishermen families., Salary hike bill approved for ministers and MLAs., Government job announced for Asian Games shooter Vidersha K. Vinod., Police constable recruitment gender ratio revised from 9:1 to 7:3 to boost women's representation.
Published: 28 Oct 2026, 08:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented