റിയാദ്: ലോകത്താകെയുള്ള പ്രവാസി മലയാളികളെ കേൾക്കാനും അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും കേരളത്തിന്റെ വികസന പ്രക്രിയയിൽ പ്രവാസികളെ പങ്കാളികളാക്കാനും രൂപം നൽകിയ ലോക കേരളസഭ അവസാനിപ്പിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം പ്രതിഷേധാർഹമാണെന്ന് കേളി കലാസാംസ്കാരിക വേദി പ്രസ്താവനയിലൂടെ അറിയിച്ചു.

To advertise here,

'ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും അതിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് വ്യക്തമാക്കിയിരിക്കുകയാണ്. ലോക കേരളസഭയുടെ ആറാം പതിപ്പിനായി സർക്കാർ തുക വകയിരുത്തിയിട്ടില്ലെന്നും സെക്രട്ടേറിയറ്റിന്റെ ഭരണച്ചെലവിനും നോർക്ക വഴി നടത്തുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള പരിപാടികൾക്കുമാണ് തുക അനുവദിച്ചിരിക്കുന്നതെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്.

പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് അവതരിപ്പിക്കാനും വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളികളുടെ അനുഭവങ്ങളും നിർദേശങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും അവസരം ഒരുക്കിയ വേദിയായിരുന്നു ലോക കേരളസഭ. പ്രവാസി സമൂഹത്തെ വെറും പണമയക്കുന്ന വിഭാഗമായി കാണാതെ കേരളത്തിന്റെ വികസന പങ്കാളികളായി പരിഗണിക്കണമെന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ സംവിധാനം രൂപപ്പെട്ടത്.

ലോക കേരളസഭയിൽ ഉയർന്നുവന്ന ചർച്ചകളുടെ തുടർച്ചയായി രൂപംകൊണ്ടതും പ്രവാസികളുടെ ജീവിതത്തിൽ നേരിട്ട് ഇടപെട്ടതുമായ നിരവധി ക്ഷേമപദ്ധതികളുണ്ട്. നോർക്ക കെയർ, നോർക്ക കെയർ പ്ലസ് തുടങ്ങിയ പദ്ധതികൾ ഇതിന് പ്രധാന ഉദാഹരണങ്ങളാണ്. പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യപരിരക്ഷയും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുന്നതിൽ ഈ പദ്ധതികൾ വലിയ സഹായമാണ് നൽകിയത്. അടിയന്തര ചികിത്സാ സാഹചര്യങ്ങളിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഘട്ടങ്ങളിലും നിരവധി പ്രവാസികൾക്കും കുടുംബങ്ങൾക്കും ആശ്വാസം നൽകാനും ജീവൻ രക്ഷിക്കാനും ഇത്തരം പദ്ധതികൾക്ക് കഴിഞ്ഞിട്ടുണ്ട്. പ്രവാസികളുടെ ജീവിതാനുഭവങ്ങളിൽനിന്നും ഉയർന്നുവന്ന ആവശ്യങ്ങൾ ചർച്ച ചെയ്യാനും അവ നയപരമായ ഇടപെടലുകളാക്കി മാറ്റാനും ലോക കേരളസഭ വഹിച്ച പങ്കിന്റെ പ്രാധാന്യം ഇതിലൂടെ വ്യക്തമാകുന്നു.

പ്രവാസി ക്ഷേമം, തൊഴിൽ, സുരക്ഷിത കുടിയേറ്റം, നിയമസഹായം, വിദേശ തൊഴിൽ അവസരങ്ങൾ തുടങ്ങിയ മേഖലകളിലും നോർക്ക വഴി നിരവധി ഇടപെടലുകൾ നടന്നു. വിദേശത്തുണ്ടാകുന്ന തൊഴിലവസരങ്ങൾ കണ്ടെത്തി ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനും വിവിധ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് ആരോഗ്യ മേഖലയിലേക്ക്, ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ജീവനക്കാരെയും റിക്രൂട്ട് ചെയ്യുന്നതിനും നോർക്ക റൂട്ട്സ് പ്രവർത്തിക്കുന്നുണ്ട്.

ജർമനിയിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി നടപ്പാക്കുന്ന നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതി ഉൾപ്പെടെയുള്ള ഇടപെടലുകൾ വഴി വിദേശ തൊഴിൽ അവസരങ്ങൾ മലയാളികൾക്ക് ലഭ്യമാക്കുന്നുണ്ട്. സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും നോർക്ക റൂട്ട്സ് വഴി നഴ്സിങ് റിക്രൂട്ട്മെന്റ് നടത്തിയിട്ടുണ്ട്. പ്രവാസികളുടെ ആവശ്യങ്ങളിൽനിന്ന് ഉയർന്നുവന്ന ചർച്ചകൾ നയപരമായ ഇടപെടലുകളായി മാറുകയും അതുവഴി പ്രവാസികൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുകയും ചെയ്ത അനുഭവങ്ങളാണ് കഴിഞ്ഞ കാലത്തുള്ളത്. അത്തരം ഇടപെടലുകൾ കൂടുതൽ ശക്തിപ്പെടുത്തേണ്ട ഘട്ടത്തിലാണ് പ്രവാസി സമൂഹത്തെ ഔദ്യോഗികമായി കേൾക്കാനുള്ള വേദി തന്നെ അവസാനിപ്പിക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.

ലോക കേരളസഭയുടെ പ്രവർത്തനരീതിയെക്കുറിച്ച് സർക്കാരിന് അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിൽ അത് കൂടുതൽ സുതാര്യവും ഫലപ്രദവുമാക്കുകയാണ് വേണ്ടത്. പ്രവാസികളുടെ പങ്കാളിത്തത്തിനുള്ള വേദി ഇല്ലാതാക്കുകയല്ല പരിഹാരം. ലോക കേരളസഭയെ രാഷ്ട്രീയ കണ്ണിലൂടെമാത്രം കാണാതെ കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക വളർച്ചയിൽ പ്രവാസികൾ വഹിക്കുന്ന പങ്കിന്റെ അടിസ്ഥാനത്തിൽ സമീപിക്കണം.

പ്രവാസികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കുകയും അവ നയരൂപീകരണത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ലോക കേരളസഭ അവസാനിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രവാസി മലയാളികളുടെ പ്രതിനിധിത്വവും പങ്കാളിത്തവും ഉറപ്പാക്കുന്ന ലോക കേരളസഭ തുടരണം' - കേളി കലാസാംസ്കാരിക വേദി സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.