ജിദ്ദ: പച്ചപ്പട്ടുടുത്ത്, പ്രൗഢിയുടെ പ്രകാശംചൊരിഞ്ഞ് വീണ്ടുമൊരു ദേശീയദിനത്തിന്റെ സന്തോഷലഹരിയിലാണ് സൗദി അറേബ്യ. ഭൂതകാലത്തിന്റെ നിഴലുകളിൽനിന്ന് വർത്തമാനത്തിന്റെ വാനോളമുയരങ്ങളിലേക്ക് ചിറകടിച്ചുയർന്ന ഒരു നാടിന്റെ വികാരനിർഭരമായ ഓർമ്മപ്പൂക്കളാണ് ഓരോ സെപ്റ്റംബർ 23-നും സൗദിയിലെങ്ങും വിരിയുന്നത്. തലമുറകളെ തമ്മിൽ പരസ്പരം കോർത്തെടുക്കുന്ന സ്നേഹത്തിന്റെ, പാരമ്പര്യത്തിന്റെ, ആത്മാഭിമാനത്തിന്റെ അനർഘനിമിഷങ്ങളാണ് ഈ ദിനം ഓരോ ഹൃദയത്തിലും കോറിയിടുന്നത്. ഇന്ന് (സെപ്റ്റംബർ 23) സൗദി അറേബ്യയുടെ 96-ാമത് ദേശീയദിനം.
ദഹ്‌റാനും ജിദ്ദയും റിയാദും തുടങ്ങി മരുഭൂമിയുടെ മണൽത്തരികൾ മുതൽ കടലോരങ്ങൾ വരെ ആഘോഷത്തിന്റെ പച്ചവെളിച്ചത്തിൽ മുങ്ങിനിൽക്കുന്നു. ദേശീയപതാകകൾ വാനിലുയർത്തിയും പച്ചച്ചായമണിയിച്ച വാഹനങ്ങളിൽ പാറിപ്പറന്നും ജനങ്ങൾ തെരുവുകളിലേക്ക് ഒഴുകിയെത്തി. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് റോഡിൽ വാഹനങ്ങളുടെ നീണ്ട നിരകൾ തടസ്സമല്ല, മറിച്ച് രാജ്യസ്നേഹത്തിന്റെ വർണ്ണാഭമായ ഘോഷയാത്രകളാണ് തീർത്തത്. കാറുകളുടെ അലങ്കാരങ്ങളിലും ഓരോ മനുഷ്യന്റെയും പുഞ്ചിരിയിലും പ്രതിഫലിച്ചത് നാടിനോടുള്ള അതിരറ്റ അനുരാഗമായിരുന്നു.
ജിസാനിന്റെ തീരങ്ങളിൽ ആഞ്ഞടിക്കുന്ന തിരമാലകൾക്കും ഇത്തവണ ദേശീയാഭിമാനത്തിന്റെ ഈണമാണ്. അവിടെ സാംസ്കാരിക പൈതൃകവും ആധുനികതയും കൈകോർത്തു പിടിച്ച് നൃത്തംചെയ്യുന്നു. ദ്രുതഗതിയിൽ മാറിയ ലോകത്ത് ഇന്നത്തെ സൗദിയെ മാത്രം കണ്ടുവളർന്ന പുതിയ തലമുറയ്ക്ക് മുന്നിൽ, പഴമയുടെ പെരുമയും പൂർവ്വികരുടെ തനിമയും തുറന്നുവെക്കുന്ന അറിവിന്റെയും ഓർമ്മകളുടെയും വസന്തമായി ഈ ആഘോഷങ്ങൾ മാറി. ആ മുത്തശ്ശിക്കഥകളിൽ അവർ തങ്ങളുടെ വേരുകൾ തിരഞ്ഞു.
രുചികളിലും പ്രണയം ചാലിച്ചുവെച്ച ദിവസമാണ് ഇത്. അൽഖോബറിലെ ഭക്ഷണശാലകളിൽ പച്ചയും വെളുപ്പും നിറങ്ങളണിഞ്ഞ വിഭവങ്ങൾ നിരന്നപ്പോൾ, ഹിജാസി രുചികളുടെ തനതു പാരമ്പര്യം ആധുനികതയുടെ പുതുമയോടെ ആളുകൾ ആസ്വദിച്ചു. പഴമയുടെ രുചിക്കൂട്ടുകൾക്ക് ആധുനികമായ വിഭവങ്ങളുമായി മാറ്റുരയ്ക്കുമ്പോൾ അത് കേവലം ഒരു ആഹാരമല്ല, മറിച്ച് തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന സംസ്കാരത്തിന്റെ മാധുര്യമാണ്.
അന്നം നൽകുന്ന രാജ്യത്തിന് ഒരുതുള്ളി രക്തവുമായി മലയാളായി പ്രവിസംഘടനകളും ആഘോഷത്തിൽ പങ്കാളികളാണ്. ആഘോഷത്തിന്റെ ഭാഗമായി സൗദി നിയമസംഹിതാക്കുന്നിൽ നിന്നുകൊണ്ട് മലയാളി പ്രവാസികൾ വിവിധ പരിപാടികൾ നടത്തുന്നുണ്ട്. കേക്കുമുറിച്ചു അവർ മധുരം പങ്കിടുന്നുണ്ട്.
നാട്ടുകാരെന്നോ മറുനാട്ടുകാരെന്നോ ഭേദമില്ലാതെ, സൗദിയുടെ മണ്ണിൽ ശ്വാസമെടുക്കുന്ന ഓരോ മനുഷ്യനും ഈ മഹോത്സവത്തിന്റെ ഭാഗമാണ്. പാരമ്പര്യത്തിന്റെ തനിമ ചോർന്നുപോകാതെ, എന്നാൽ വികസനത്തിന്റെ പുതുവെളിച്ചത്തെ മാറോട് ചേർത്തുപിടിച്ച് സൗദി അറേബ്യ എന്ന മഹാരാജ്യം വീണ്ടും ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നു; പ്രൗഢിയോടെ, സ്നേഹത്തോടെ, ഐക്യത്തോടെ!
Published: 23 Sept 2026, 08:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented