മനാമ: ബഹ്‌റൈനിലെ ദി ന്യൂ ഇന്ത്യൻ സ്കൂളിൽ മുത്തശ്ശീ-മുത്തശ്ശന്മാരുടെ ദിനാഘോഷം സംഘടിപ്പിച്ചു. മുത്തശ്ശീ-മുത്തശ്ശന്മാരെയും പേരക്കുട്ടികളെയും ഒന്നിപ്പിച്ചുകൊണ്ട് നടന്ന ഈ പരിപാടി ഏവർക്കും അവിസ്മരണീയമായ ഒരു അനുഭവമായി മാറി.

To advertise here,

സ്കൂൾ പ്രാർഥന, സ്കൂൾ ഗാനം, ബഹ്‌റൈൻ ദേശീയ ഗാനം എന്നിവയോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് നടന്ന സ്വാഗത പ്രസംഗത്തിലും ഉദ്ഘാടന പ്രസംഗത്തിലും പ്രിൻസിപ്പൽ ഡോ. കൊല്ലത്ത് ഗോപിനാഥ് മേനോൻ, കുട്ടികളെ സ്നേഹത്തോടും വിവേകത്തോടും കൂടി വളർത്തുന്നതിൽ മുത്തശ്ശീ-മുത്തശ്ശന്മാർ വഹിക്കുന്ന വിലമതിക്കാനാവാത്ത പങ്കിനെക്കുറിച്ച് എടുത്തുപറഞ്ഞു. വൈസ് പ്രിൻസിപ്പൽമാരും പ്രൈമറി വിഭാഗം അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന്, കൊച്ചു കലാകാരന്മാർ വേദിയിൽ ആനന്ദത്തിന്റെ നിറക്കാഴ്ചയൊരുക്കി. എൽ.കെ.ജി. വിദ്യാർഥികൾ അവതരിപ്പിച്ച ഊർജ്ജസ്വലമായ 'ആക്ഷൻ സോങ്' ആസ്വാദ്യകരമായി. ധൃതി ദിനേഷ് കുമാർ ഹൃദയസ്പർശിയായ കവിതയും അവതരിപ്പിച്ചു. പ്രൈമറി വിഭാഗം വിദ്യാർഥികൾ ഊർജ്ജസ്വലമായ നൃത്തത്തിലൂടെ ആഘോഷത്തിന് കൂടുതൽ മിഴിവേകി. മുത്തശ്ശീ-മുത്തശ്ശന്മാരും പേരക്കുട്ടികളും തമ്മിലുള്ള സവിശേഷമായ ബന്ധത്തെക്കുറിച്ചുള്ള ഹിന്ദി കവിത അവതരിപ്പിച്ച് പാന്ത് കമലേഷ്കുമാർ സദസ്സിനെ ആകർഷിച്ചു. മുത്തശ്ശീ-മുത്തശ്ശന്മാർ വേദിയിലെത്തി തങ്ങളുടെ ഓർമകളും ഹൃദയംഗമമായ ചിന്തകളും വിവേകപൂർണ്ണമായ വാക്കുകളും പങ്കുവെച്ചതോടെ ആഘോഷം കൂടുതൽ അർത്ഥവത്തായി.

പ്രൈമറി വിഭാഗം സൂപ്പർവൈസർ സുജ അബി തോമസ് നടത്തിയ നന്ദിപ്രകാശനത്തോടെ ആഘോഷപരിപാടികൾ സമാപിച്ചു.