മനാമ: ഇന്ത്യൻ സ്കൂൾ ഭരണസമിതി വെള്ളിയാഴ്ച വിളിച്ചിട്ടുള്ള അസാധാരണ ജനറൽ ബോഡി മീറ്റിങ്ങിൽ മുഴുവൻ രക്ഷിതാക്കളും പങ്കെടുക്കണമെന്ന് യുണൈറ്റഡ് പാരന്റ്സ് പാനൽ (യു.പി.പി.) അഭ്യർത്ഥിച്ചു. കമ്മ്യൂണിറ്റി സ്കൂൾ എന്നതിൽനിന്ന് സ്വന്തമായി സി.ആർ. (കൊമേഴ്‌സ്യൽ രജിസ്ട്രേഷൻ) എടുക്കണം എന്നത് മന്ത്രാലയ നിയമമാണ് എന്നാണ് പറയപ്പെടുന്നത്. എന്നാൽ കാലാവധി കഴിയാൻ ഒരു മാസം മാത്രം ബാക്കിയുള്ള ഇപ്പോഴത്തെ ഭരണസമിതിക്ക് ഇന്ത്യൻ സ്കൂൾ ഭരണഘടന പ്രകാരം എന്ത് അധികാരമാണ് ഇതിനുള്ളതെന്ന് യു.പി.പി. പ്രസ്താവനയിൽ കൂടി ചോദിച്ചു.
‘ധൃതിപ്പെട്ട് ഇപ്പോഴത്തെ ഭരണസമിതിയുടെ തലപ്പത്തുള്ളവരുടെ പേരിൽ ഇന്ത്യൻ സ്കൂൾ സി.ആർ. എടുക്കാനുള്ള ശ്രമം തികച്ചും ദുരൂഹമാണ്. ഒക്ടോബറിൽ തിരഞ്ഞെടുപ്പ് നടക്കുവാനുള്ള വിജ്ഞാപനം ഇറക്കേണ്ട സമയത്താണ് ഇപ്പോൾ സ്കൂൾ അവരുടെ പേരിലേക്ക് ലൈസൻസ് എടുത്ത് മാറ്റുവാനുള്ള തന്ത്രം മെനയുന്നത്. ഇത് രക്ഷിതാക്കളോടും ജനാധിപത്യ വിശ്വാസികളോടുമുള്ള വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഭരണസമിതിയായി ആരാണോ നിലവിൽ വരുന്നത് അവരുടെ നേതൃത്വത്തിലായിരിക്കണം പുതിയ തീരുമാനങ്ങൾ ഉണ്ടാകേണ്ടത് എന്നത് ഭരണഘടനാ നിയമമാണ്.
കഴിഞ്ഞ 12 വർഷമായി സ്കൂൾ ഭരിക്കുന്ന പി.പി.എ. പാനലിന് കൃത്യമായി ജീവനക്കാർക്ക് ശമ്പളം കൊടുക്കുവാനോ സ്കൂളിന്റെ പുരോഗതിക്കായി ഒന്നും ചെയ്യുവാനോ നാളിതുവരെ കഴിഞ്ഞിട്ടില്ല. കുട്ടികൾക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിൽ ചെറിയ പുരോഗതി പോലും ഉണ്ടാക്കുവാൻ ഈ കാലയളവിൽ ഇവർക്കായിട്ടില്ല എന്നതാണ് സത്യം. എങ്കിലും ഒരു തരത്തിലും സ്കൂൾ ഭരണം കൈവിട്ടുപോകാതിരിക്കാൻ ഏതു ഹീനമാർഗ്ഗവും ഇവർ സ്വീകരിക്കുകയും ചെയ്യും. സ്കൂൾ വലിയ സാമ്പത്തിക പ്രയാസത്തിലാണ് എന്ന് പറഞ്ഞാണ് അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം പലപ്പോഴും തടഞ്ഞുവെക്കുന്നത്. എന്നാൽ അതേ ഭരണസമിതി തന്നെ ഇപ്പോൾ പുതിയ കെട്ടിടം ഉണ്ടാക്കുവാനുള്ള അനുമതിയും ഈ വരുന്ന അസാധാരണ ജനറൽ ബോഡിയിൽനിന്നും നേടിയെടുക്കുവാൻ ശ്രമിക്കുകയാണ്’- യു.പി.പി. പ്രസ്താവനയിൽ കൂടി ആരോപിച്ചു.
Content Highlights: UPP calls for massive parent participation in the upcoming EGM on September 25., Raises concerns over the suspicious attempt to transfer the school CR to the outgoing management's names., Accuses the current panel of avoiding upcoming elections and manipulating school bylaws., Highlights issues regarding delayed staff salaries and lack of basic infrastructure development over the past 12 years.
Published: 23 Sept 2026, 01:03 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented