മനാമ: മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളുമായി സ്റ്റാർ സിങ്ങർ താരങ്ങൾ ബഹ്‌റൈനിലെത്തുന്നു. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ "ശ്രാവണം 2026"-ന്റെ ഭാഗമായി ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങറിലൂടെ ശ്രദ്ധേയരായ ദിഷ പ്രകാശ്, മെറിൻ ഗ്രിഗറി, ഗോകുൽ ഗോപകുമാർ എന്നിവർ അണിനിരക്കുന്ന ഗാനസന്ധ്യ സെപ്റ്റംബർ 24 വ്യാഴാഴ്ച വൈകീട്ട് 7.30-ന് ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും.

To advertise here,

മലയാള ചലച്ചിത്രഗാനങ്ങളുടെയും ജനപ്രിയ ഗാനങ്ങളുടെയും മനോഹരമായ സംഗീതവിരുന്നാണ് ശ്രാവണത്തിന്റെ ഭാഗമായി ഒരുക്കുന്നത്. വിവിധ തലമുറകളുടെ പ്രിയപ്പെട്ട ഗാനങ്ങൾ കോർത്തിണക്കി ഗായകർ അവതരിപ്പിക്കുന്ന പരിപാടി ബഹ്‌റൈനിലെ സംഗീതാസ്വാദകർക്ക് മികച്ച ആസ്വാദനാനുഭവമാകുമെന്ന് സംഘാടകർ അറിയിച്ചു.

'ശ്രാവണം 2026'-ന്റെ ഭാഗമായി ഇതിനകം അരങ്ങേറിയ വൈവിധ്യമാർന്ന കലാ-സാംസ്‌കാരിക പരിപാടികളുടെ തുടർച്ചയായാണ് ഗാനസന്ധ്യ സംഘടിപ്പിക്കുന്നത്. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ജനറൽ കൺവീനർ ഹരികൃഷ്ണൻ ബി. നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് പരിപാടിയുടെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.