ജിദ്ദ: മക്കയെ ലക്ഷ്യമിട്ട് യമനിലെ ഹൂതി മിലീഷ്യ നടത്തിയ ആക്രമണശ്രമത്തെ ശക്തമായി അപലപിച്ച് സൗദി ഭരണാധികാരി സൽമാന് രാജാവ്. വിശുദ്ധ സ്ഥലങ്ങളുടെ പവിത്രത ലംഘിക്കുന്ന ഇത്തരം ആക്രമണ ശ്രമം ലോകമെമ്പാടുമുള്ള മുസ്‌ലിംകളെ പ്രകോപിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഹൂതികളെ ‘ഭീകര മിലീഷ്യ’ എന്നും സൽമാൻ രാജാവ് വിശേഷിപ്പിച്ചു.

To advertise here,

ജിദ്ദയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു സൽമാൻ രാജാവ്. വിശുദ്ധ സ്ഥലങ്ങൾക്കും തീർഥാടകർക്കും രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും നേരെയുള്ള ആക്രമണങ്ങളെ ചെറുക്കുകയും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന സൈനിക-സുരക്ഷാ ഉദ്യോഗസ്ഥരെ രാജാവ് അഭിനന്ദിച്ചു. മക്കയെ ലക്ഷ്യമിട്ട ഹൂതികളുടെ ശ്രമത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ ശക്തമായ അപലപനം ഉണ്ടായതായും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

സൗദി അറേബ്യയ്ക്ക് ലഭിച്ച അനുഗ്രഹങ്ങൾക്കും മക്കയിലെ മസ്ജിദുൽ ഹറമിന്റെയും മദീനയിലെ മസ്ജിദുന്നബവിയുടെയും സേവനത്തിനായി രാജ്യം വഹിക്കുന്ന പങ്കിനും സൽമാൻ രാജാവ് നന്ദി രേഖപ്പെടുത്തി. ദേശീയ ദിനാഘോഷത്തിന് രാജ്യം ഒരുങ്ങുന്നതിനിടെയാണ് രാജാവിന്റെ പരാമർശം. അതേസമയം, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഈജിപ്ത് സന്ദർശനവും മന്ത്രിസഭാ യോഗം വിലയിരുത്തി. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയുമായി കിരീടാവകാശി നടത്തിയ ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കാനുമുള്ള പ്രതിബദ്ധത ആവർത്തിച്ചതായി യോഗം വിലയിരുത്തി.

ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ കിരീടാവകാശിക്ക് അയച്ച സന്ദേശവും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ടെലിഫോൺ സംഭാഷണവും മന്ത്രിസഭ ചർച്ച ചെയ്തു. പ്രാദേശിക സംഭവവികാസങ്ങൾ, സ്ഥിരത, സമുദ്ര ഗതാഗതത്തിന്റെ സുരക്ഷയും സ്വാതന്ത്ര്യവും തുടങ്ങിയ വിഷയങ്ങളായിരുന്നു ചർച്ചയിൽ പ്രധാനമായും ഉയർന്നത്. അന്താരാഷ്ട്ര നിയമം, രാജ്യങ്ങളുടെ പരമാധികാരം, സമാധാനപരമായ തർക്കപരിഹാരം, അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിത നാവിഗേഷൻ എന്നിവ മാനിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രിസഭ ഊന്നിപ്പറഞ്ഞതായി മാധ്യമമന്ത്രി സൽമാൻ അൽ ദോസരി പറഞ്ഞു. ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ അഭിലാഷങ്ങൾക്ക് പിന്തുണ നൽകുന്നതിനും അന്താരാഷ്ട്ര വ്യാപാരവും വിതരണ ശൃംഖലകളും സുരക്ഷിതമാക്കുന്നതിനും ഈ തത്ത്വങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദി അറേബ്യ ആതിഥേയത്വം വഹിച്ച വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങളുടെ ഫലങ്ങളും മന്ത്രിസഭ അവലോകനം ചെയ്തു. 2026-ലെ യുനെസ്കോ ഗ്ലോബൽ ഫോറം ഓൺ ദി എതിക്സ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ മുന്നോട്ടുവച്ച ശുപാർശകളും യോഗം പരിഗണിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വികസനത്തിലും നിയന്ത്രണത്തിലും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുക, സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ എ.ഐ. ഉപയോഗം ഉറപ്പാക്കുക എന്നിവയാണ് ശുപാർശകളിലെ പ്രധാന നിർദേശങ്ങൾ.

നാലാമത് റിയാദ് ഗ്ലോബൽ ബയോമെഡിക്കൽ ടെക്നോളജി ഉച്ചകോടിയുടെ നേട്ടങ്ങളെയും മന്ത്രിസഭ അഭിനന്ദിച്ചു. മേഖലയുടെ വികസനം, അറിവും നവീകരണവും രാജ്യത്ത് പ്രാദേശികവത്കരിക്കൽ, ഫാർമസ്യൂട്ടിക്കൽ ഗവേഷണങ്ങൾക്കും ഭാവി സാങ്കേതികവിദ്യകൾക്കും പിന്തുണ നൽകൽ എന്നിവ ലക്ഷ്യമിട്ട് 40-ലധികം കരാറുകളും പദ്ധതികളും ഉച്ചകോടിയിൽ പ്രഖ്യാപിച്ചിരുന്നു.

നാഷണൽ ഓട്ടോമോട്ടീവ് കമ്പനിയായ എസ്ഐആർ പുറത്തിറക്കിയ ആദ്യ ഉൽപ്പന്നങ്ങളെയും മന്ത്രിസഭ സ്വാഗതം ചെയ്തു. ആധുനികവും സുസ്ഥിരവുമായ വ്യവസായ മേഖല കെട്ടിപ്പടുക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും ദേശീയ പ്രതിഭകൾക്ക് പിന്തുണ നൽകുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് മന്ത്രിസഭ വിലയിരുത്തി. സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങളുമായി ചേർന്നാണ് പദ്ധതികൾ നടപ്പാക്കുന്നത്.

സൗദി അറേബ്യയും സ്പെയിനും തമ്മിൽ തന്ത്രപ്രധാന പങ്കാളിത്ത കൗൺസിൽ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിനും മന്ത്രിസഭ അംഗീകാരം നൽകി. സൗദി–ജോർദാൻ ഉന്നത ഏകോപന കൗൺസിലുമായി ബന്ധപ്പെട്ട ഭേദഗതി പ്രോട്ടോക്കോളിനും അംഗീകാരം നൽകി. സുരിനാമുമായും പനാമയുമായും പൊതുസഹകരണ കരാറുകൾ സംബന്ധിച്ച് ചർച്ച നടത്താനും ഒപ്പുവയ്ക്കാനും മന്ത്രിസഭ അനുമതി നൽകി. ചെറുകിട-ഇടത്തരം സംരംഭങ്ങൾ, സംരംഭകത്വം, ഫ്രാഞ്ചൈസിങ് തുടങ്ങിയ മേഖലകളിൽ വിവിധ രാജ്യങ്ങളിലെ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിനുള്ള ചട്ടക്കൂടിനും അംഗീകാരം നൽകി.

സൗദി ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഫണ്ടിന്റെ അന്തിമ കണക്കുകൾക്കും മന്ത്രിസഭ അംഗീകാരം നൽകി. വാണിജ്യ മന്ത്രാലയം, ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രാലയം ഉൾപ്പെടെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ വാർഷിക റിപ്പോർട്ടുകളും യോഗം അവലോകനം ചെയ്തു.