ദോഹ: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചുകൊണ്ട് നാട്ടിലേക്ക് പോകുന്ന ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ കെഎന്‍ സുലൈമാന്‍ മദനി, കേന്ദ്ര കൗണ്‍സില്‍ അംഗം റഫീഖ് ആലിയാട്ട്, വനിതാ വിഭാഗമായ എംജിഎം പ്രവര്‍ത്തകസമിതി അംഗം ഹാജറ ടീച്ചര്‍ എന്നിവര്‍ക്ക് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അംഗങ്ങളുടെയും പോഷകഘടകങ്ങളുടെയും ആഭിമുഖ്യത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. തുമാമയിലെ ആട്രിയം ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഷമീര്‍ വലിയവീട്ടില്‍, ജനറല്‍ സെക്രട്ടറി അലി ചാലിക്കര, എംജിഎം പ്രസിഡ് ജാസ്മിന്‍ നസീര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.

To advertise here,

2002ല്‍ ദോഹയിലെത്തിയ മദനി ദീര്‍ഘകാലം ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങി വിവിധ തലങ്ങളില്‍ സേവനം ചെയ്യുക വഴി ഖത്തറിലെ മത സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ വിലയേറിയ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. വിഷയാധിഷ്ഠിതവും പണ്ഡിതോചിതവുമായ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ സംഘടനാ വ്യത്യാസമന്യേ പല വേദികളിലും ശ്രദ്ധേയമായിരുന്നു. ദീര്‍ഘകാലം ബുഖാരി മസ്ജിദിലും മീസീല ഈദ് ഗാഹ് മസ്ജിദിലും ജുമുഅ ഖുതുബയും ഈദ് ഖുതുബയും മലയാളികള്‍ക്കു വേണ്ടി പരിഭാഷപ്പെടുത്തിയിരുന്നത്് സുലൈമാന്‍ മദനി ആയിരുന്നു. ഇസ്ലാഹി സെന്റര്‍ ദഅവാ വിഭാഗത്തിനു കീഴിലുള്ള ജവാബ്.കോം എന്ന ചോദ്യോത്തര ഗ്രൂപ്പില്‍ ഉത്തരം നല്‍കുന്ന പണ്ഡിത സഭയിലെ അംഗം കൂടിയാണ് സുലൈമാന്‍ മദനി. ഇസ്ലാഹി സെന്ററിന് ചിന്താപരമായും ധൈഷണികവുമായ നേതൃത്വം നല്‍കിയ വ്യക്തി കൂടിയായിരുന്നു സുലൈമാന്‍ മദനിയെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര കൗണ്‍സില്‍ അംഗമായ റഫീഖ് ആലിയാട്ട് സെന്ററിന്റെ വളണ്ടിയര്‍ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.

വിവിധ ടേമുകളില്‍ എംജിഎം സെക്രട്ടറിയേറ്റ് അംഗമെന്ന നിലക്ക് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തിത്വമായിരുന്നു ഹാജറ ടീച്ചര്‍. കെ എന്‍ സുലൈമാന്‍ മദനിയുടെ ഭാര്യയായ ടീച്ചര്‍ നിരവധി വര്‍ഷങ്ങള്‍ മദ്രസ അധ്യാപികയായും സേവനം അനുഷ്ഠിച്ചിരുന്നു.

യാത്രയയപ്പ് ചടങ്ങില്‍ ട്രഷറര്‍ അഷ്റഫ് മടിയാരി, വൈസ് പ്രസിഡന്റ് സിറാജ് ഇരിട്ടി, സെക്രട്ടറി മുജീബ് മദനി, ഉമര്‍ ഫാറൂഖ് തുടങ്ങിയവര്‍ സംസാരിച്ചു.