ദോഹ: കാരുണ്യം പണത്തിന്റെ അളവിനനുസരിച്ച് അളക്കേണ്ടതല്ലെന്നും ചെറുതോ വലുതോ ആയ ഓരോ നന്മയ്ക്കും മറ്റൊരാളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്നും അന്താരാഷ്ട്ര ചാരിറ്റി ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ്, അഡ്രസ് ഗേറ്റ്വേ ബിസിനസ് സർവീസസുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

To advertise here,

സാമ്പത്തിക സഹായം മാത്രമല്ല കാരുണ്യമെന്നും ഒരാൾക്ക് നൽകുന്ന ഒരു കൈത്താങ്ങും ആശ്വാസവാക്കും അറിവും സമയവും അവസരവുമെല്ലാം വിലപ്പെട്ട സഹായങ്ങളാണെന്നും അവർ ചൂണ്ടിക്കാട്ടി. മറ്റൊരാളുടെ പ്രയാസം മനസ്സിലാക്കി കഴിയുന്ന രീതിയിൽ പിന്തുണ നൽകുന്നത് സമൂഹത്തിൽ കരുതലിന്റെയും സഹാനുഭൂതിയുടെയും സംസ്‌കാരം വളർത്താൻ സഹായിക്കും.

കെ.ബി.എഫ് പ്രസിഡന്റ് ഷഹീൻ മുഹമ്മദ് ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു. കൂടുതൽ കരുതലും സാമൂഹിക ഉത്തരവാദിത്തവുമുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിന് വ്യക്തികളുടെ ഇടപെടലുകൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കാരുണ്യം പ്രത്യേക അവസരങ്ങളിൽ മാത്രം ഒതുങ്ങാതെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഫ്.സി.സി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്‌മാൻ കിഴിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. കാരുണ്യത്തിന്റെ വിശാലമായ അർഥവും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ അതിനുള്ള പങ്കും അദ്ദേഹം വിശദീകരിച്ചു. മറ്റുള്ളവരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അവരോടൊപ്പം നിൽക്കാനുള്ള മനസ്സാണ് യഥാർഥ കാരുണ്യത്തിന്റെ അടിസ്ഥാനം. നൽകുന്നത് ഒരു സഹായം മാത്രമല്ല, മനുഷ്യബന്ധങ്ങളെ കൂടുതൽ ശക്തമാക്കുന്ന സാമൂഹിക ഇടപെടൽ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

ലോക കേരളസഭാംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഖത്തർ ടെക് മാനേജിംഗ് ഡയറക്ടർ ജെബി കെ. ജോൺ, ദോഹ ബ്യൂട്ടി സെന്റർ മാനേജിംഗ് ഡയറക്ടർ ഡോ. ഷീല ഫിലിപ്പോസ്, യുണീക് അഡ്വൈസറി ബോർഡ് ചെയർപേഴ്‌സൺ മിനി ബെന്നി, ട്രെയിനറും സംരംഭകനുമായ രാജേഷ് ആലൂർ, ജി.ആർ.സി.സി പ്രസിഡന്റ് റോഷ്‌നി കൃഷ്ണൻ, മൻസൂർ മണ്ണാർക്കാട് എന്നിവർ സംസാരിച്ചു.

സാമൂഹിക പ്രവർത്തകരായ ജാഫർ ജാതിയേരി, കോയ കൊണ്ടോട്ടി, ഹഫീസുള്ള കെ.വി., ജി.പി. കുഞ്ഞബ്ദുള്ള ചാലപ്പുറം, സഫ് വാൻ, ടി.എം. കബീർ, റാഫി പറക്കാട്ടിൽ എന്നിവരും പരിപാടിയിൽ സംസാരിച്ചു.

സാമ്പത്തിക സഹായത്തിനപ്പുറം നിരവധി രൂപങ്ങളിൽ കാരുണ്യം പ്രകടിപ്പിക്കാനാകുമെന്ന് പ്രഭാഷകർ ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകുക, ഒരാളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകുക, പ്രായമായവരെ സഹായിക്കുക, സ്വന്തം തൊഴിൽപരമായ അറിവും വൈദഗ്ധ്യവും മറ്റുള്ളവരുമായി പങ്കുവെക്കുക, സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, പ്രയാസമനുഭവിക്കുന്ന ഒരാൾക്ക് മാനസിക പിന്തുണ നൽകുക തുടങ്ങിയവയെല്ലാം സമൂഹത്തിന് നൽകാവുന്ന വിലപ്പെട്ട സംഭാവനകളാണ്.

ഒരു ചെറിയ നന്മയ്ക്ക് പോലും പ്രതീക്ഷ നൽകാനും ആത്മവിശ്വാസം പകരാനും ഒരാളുടെ ജീവിതത്തിലെ നിർണായക ഘട്ടത്തിൽ വഴിത്തിരിവാകാനും കഴിയുമെന്ന് അവർ പറഞ്ഞു. ഒരാൾക്ക് ലഭിക്കുന്ന കരുതൽ പിന്നീട് മറ്റൊരാളിലേക്ക് പകരുമ്പോൾ അത് സമൂഹത്തിൽ നന്മയുടെ ഒരു ശൃംഖല സൃഷ്ടിക്കും.

കാരുണ്യം സഹായം സ്വീകരിക്കുന്ന വ്യക്തിയുടെ ജീവിതത്തെ മാത്രമല്ല, സഹായിക്കുന്ന വ്യക്തിയുടെ ജീവിതത്തെയും സമ്പന്നമാക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷവും പ്രതീക്ഷയും സൃഷ്ടിക്കുന്നതിലൂടെ കൂടുതൽ സംതൃപ്തിയും ജീവിതത്തിന് അർഥവും കണ്ടെത്താൻ കഴിയുമെന്ന് പ്രഭാഷകർ അഭിപ്രായപ്പെട്ടു.

മതർ തെരേസയുടെ ഓർമദിനമായ സപ്തംബർ 5 ആണ് ഐക്യരാഷ്ട്ര സഭയുടെ അഭിമുഖ്യത്തിൽ ഇന്റർനാഷണൽ ചാരിറ്റി ദിനമായി ആഘോഷിക്കുന്നത്.

മീഡിയ പ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.