ദോഹ: അറ നിറഞ്ഞ ഭാവനയുടേയും തീവ്രമായ ജീവിതാനുഭവങ്ങളുടേയും അടിസ്ഥാനത്തിൽ മലയാള ഭാഷയിലും സാഹിത്യത്തിലും നൂതനങ്ങളായ വാക്കുകളും പ്രയോഗങ്ങളും സമ്മാനിച്ച വൈക്കം മുഹമ്മദ് ബഷീർ മലയാള സാഹിത്യത്തിലെ പകരം വെക്കാനില്ലാത്ത സുൽത്താനാണെന്ന് ഖത്തറിൽ മീഡിയ പ്‌ളസ് സംഘടിപ്പിച്ച ബഷീർ അനുസ്മരണ ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
മനുഷ്യ ജീവിതത്തിന്റെ പച്ചയായ ആവിഷ്‌ക്കാരത്തിലൂടെ ബഷീർ ഇന്നും നമുക്ക് ചുറ്റും ജീവിക്കുകയാണെന്നും ബഷീറിന്റെ ഓർമകൾക്ക് മരണമില്ലെന്നും ചടങ്ങ് വിലയിരുത്തി. സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ഓരോ ബഷീറിയൻ കഥാപാത്രങ്ങളും ഇന്നും നമുക്ക് ചുറ്റും സജീവമായി കാണുന്നുവെന്നത് തന്നെയാണ് ബഷീറിയൻ സാഹിത്യത്തിന്റെ സമകാലിക പ്രസക്തി.
മലയാള സാഹിത്യത്തിലെ എക്കാലത്തേയും ഏറ്റവും സരസനും ജനകീയനും പ്രിയങ്കരനുമായ എഴുത്തുകാരനാണ് ബഷീറെന്നും ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടുകളെ ചോദ്യം ചെയ്യാൻ ധൈര്യം കാണിച്ച ബഷീറിന്റെ ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണി ബല്യ ഒന്ന് എന്ന ആശയം ചിന്തയുടേയും ഭാവനയുടേയും നൂതനാവിഷ്‌കാരമാണെന്നും ചർച്ച ഉദ്ഘാടനം ചെയ്ത ഖത്തർ ഇന്ത്യൻ ഓഥേർസ് ഫോറം പ്രസിഡണ്ട് ഡോ. കെ.സി. സാബു അഭിപ്രായപ്പെട്ടു. ജീവിതത്തിൽ കണ്ടും അനുഭവിച്ചമുള്ള കഥാപാത്രങ്ങളെ സ്വതഃസിദ്ധമായ ശൈലിയിൽ ആവിഷ്‌ക്കരിച്ചാണ് ബഷീർ ജനമനസുകളിൽ സ്ഥാനം നേടിയത്.
കൊട്ടാരങ്ങളിൽ വാണിരുന്ന മലയാള സാഹിത്യത്തെ സാധാരണക്കാരിലേക്കും തെരുവുകളിലേക്കും ഇറക്കിക്കൊണ്ടുവന്ന സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് ഫ്രന്റ്‌സ് കൾചറൽ സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ് മാൻ കിഴിശ്ശേരി പറഞ്ഞു. സന്തോഷത്തിന്റേയും സംതൃപ്തിയുടേയും പുതിയ രസതന്ത്രമാണ് ബഷീറിയൻ കൃതികളെ സവിശേഷമാക്കുന്നത്. മനുഷ്യരോടും പ്രകൃതിയോടുമുള്ള നിരുപാധിക സ്‌നേഹത്തിന്റെ ഉജ്വല മാതൃകകളും ബഷീറിയൻ രചനകളുടെ പ്രത്യേകതകളാണ് .
കലാപ്രേമി മാഹീൻ, ജയശ്രീ സുരേഷ്, മജീദ് നാദാപുരം, ഷഫീർ വാടാനപ്പള്ളി, ഗോപ കുമാർ തിരുവല്ല, റാഫി പാറക്കാട്ടിൽ, ഷാനു മേലാറ്റൂർ, നസീഹ മജീദ്, റഊഫ് മലയിൽ, സുജിത് ചേരൂർ പ്രസംഗിച്ചു. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു
Published: 07 Jul 2026, 04:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented