മസ്കറ്റ്: ഒമാനിലെ മലയാളി കാർഷിക കൂട്ടായ്മയായ ഒമാൻ കൃഷിക്കൂട്ടത്തിന്റെ പന്ത്രണ്ടാമത് വിത്ത് വിതരണം സംഘടിപ്പിച്ചു. മസ്കറ്റ് മേഖലയിലെ വിത്ത് വിതരണമാണ് സംഘടിപ്പിച്ചത്. സോഹാർ, ബുറൈമി, സലാല മേഖലകളിലും വരും ദിവസങ്ങളിൽ വിത്തുകൾ വിതരണം ചെയ്യും.

To advertise here,

ഒമാനിലെ മലയാളി പ്രവാസികൾക്കിടയിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന ഒമാനിലെ ആദ്യത്തേയും ഏറ്റവും വലുതുമായ കൃഷി കൂട്ടായ്മയായ ഒമാൻ കൃഷിക്കൂട്ടം, സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം പ്രവർത്തനം തുടങ്ങിയത്. 6,500 ലധികം അംഗങ്ങൾ ഉണ്ട് ഈ കാർഷിക കൂട്ടായ്മയിൽ. കേരളത്തിലെ വിവിധ വിത്ത് വികസന ഏജൻസികളിൽ നിന്നും, ഒമാനിലെ നഴ്സറികളിൽ നിന്നും ശ്രദ്ധാപൂർവ്വം ശേഖരിക്കുന്ന ഉയർന്ന നിലവാരമുള്ള പച്ചക്കറി വിത്തുകളാണ് അംഗങ്ങൾക്ക് വിതരണം ചെയ്തത്.

കീടനാശിനി രഹിത ഗാർഹിക കൃഷിരീതിയാണ് ഒമാൻ കൃഷിക്കൂട്ടം പിന്തുടരുന്നത്. ഒമാനിലെ കൃഷിരീതിയെ കുറിച്ചുളള വിശദമായ സംശയ നിവാരണവും പരിപാടിയിൽ സംഘടിപ്പിച്ചു. മണ്ണൊരുക്കലും, പലതരം കൃഷിരീതികളെ കുറിച്ചുളള ഓൺലൈൻ ക്ലാസ്സുകളും വരും ദിവസങ്ങളിൽ നടക്കും. സാബ്രി ഹാരിദിനും പത്നി ഷാലി സാബ്രിക്കും ആദ്യ വിത്ത് പായ്ക്ക് അഡ്മിൻ വിനോദ് കൈമാറിയതോടെയാണ് വിത്ത് വിതരണം ആരംഭിച്ചത്. ചടങ്ങിൽ ഷൈജു വെത്തോട്ടിൽ അധ്യക്ഷത വഹിച്ചു.