മസ്കറ്റ് : കേരളത്തിന്റെ പൈതൃക-കായിക ടൂറിസത്തിലൂടെ യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്ന വിവിധ പദ്ധതികളുടെ നിർദ്ദേശങ്ങളുമായി യുവജനക്ഷേമ, കായിക, പുരാവസ്തു വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷിന് മസ്കറ്റ് കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി നിവേദനം നൽകി.
കേരളത്തിലെ പുരാതന കോട്ടകൾ, പഴയ ജുമാമസ്ജിദുകൾ, ക്ഷേത്രങ്ങൾ, ബ്രിട്ടീഷ് കാലഘട്ടത്തിലെ കെട്ടിടങ്ങൾ എന്നിങ്ങനെ പുരാവസ്തു വകുപ്പിന് കീഴിലുള്ള ചരിത്ര സ്മാരകങ്ങൾ മ്യൂസിയങ്ങളാക്കി ഉയർത്തി ദേശീയ-അന്തർദേശീയ സഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതികൾക്ക് തുടക്കമിടണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. കൂടാതെ, പുഴകളും മലകളും ബീച്ചുകളും കേന്ദ്രീകരിച്ച് സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നത് നിരവധി ചെറുപ്പക്കാർക്ക് തൊഴിൽ നൽകുന്നതിലൂടെ കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ കരുത്താകും.
പ്രവാസം കഴിഞ്ഞ് മടങ്ങുന്നവർക്ക് നാട്ടിൽ മികച്ച പുനരധിവാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ഇത്തരം ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഹോംസ്റ്റേ, ഫുഡ്, ഗൈഡ് സർവീസുകൾ നടത്തുവാൻ തിരിച്ചുവരുന്ന പ്രവാസി യുവാക്കൾക്ക് യുവജനക്ഷേമ ബോർഡ് വഴി പരിശീലനവും ലോണും ലഭ്യമാക്കണമെന്നും നിർദ്ദേശിച്ചു. ഹ്രസ്വ സന്ദർശനാർത്ഥം മസ്കറ്റിലെത്തിയ മന്ത്രിക്ക് മസ്കറ്റ് കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഫൈസൽ മുണ്ടൂർ, ഹക്കീം ചെറുപ്പശ്ശേരി, അൻവർ നടുങ്ങോട്ടൂർ, ഷാനവാസ് മണ്ണാർക്കാട്, അബൂ പുതുനഗരം, നൗഷാദ് വല്ലപ്പുഴ എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.

To advertise here,