മസ്കറ്റ് : ഒമാനിലെ പ്രവാസി കൂട്ടായ്മയായ തൃശ്ശൂർ അസോസിയേഷൻ മസ്കറ്റ് സംഘടിപ്പിച്ച ‘NAVADISA 2026 – Business Excellence Meet’ മസ്കറ്റ് ഷെറാട്ടൺ ഹോട്ടലിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. കേരളത്തിന്റെ യുവജന-കായിക വകുപ്പ് മന്ത്രിയും കൊടുങ്ങല്ലൂർ നിയോജകമണ്ഡലം എം.എൽ.എയുമായ അഡ്വ. ഒ. ജെ. ജനീഷ് മുഖ്യാതിഥിയായി പങ്കെടുത്ത് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
“Connecting People, Ideas and Opportunities” എന്ന മുഖ്യ പ്രമേയത്തെ മുൻനിർത്തി സംഘടിപ്പിച്ച സംഗമം, ഒമാനിലെ വിവിധ വ്യവസായ-ബിസിനസ് രംഗങ്ങളിൽ മികവ് തെളിയിച്ച പ്രമുഖരെയും സംരംഭകരെയും ഒരേ വേദിയിൽ അണിനിരത്തി. സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുക, പുതിയ ആശയങ്ങളും അവസരങ്ങളും പങ്കുവെക്കുക, വിജയകരമായ സംരംഭക യാത്രകളെ ആദരിക്കുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.
തൃശ്ശൂർ അസോസിയേഷൻ മസ്കറ്റ് ജനറൽ സെക്രട്ടറി വാസുദേവൻ തളിയറ സ്വാഗത പ്രസംഗം നിർവ്വഹിച്ചു. ഇത് വെറും പുരസ്കാരങ്ങളുടെ വേദിയല്ലെന്നും, പ്രവാസി സമൂഹത്തിന്റെ അധ്വാനത്തെയും ദീർഘവീക്ഷണത്തെയും അംഗീകരിക്കുന്ന വലിയൊരു വേദിയാണെന്നും അദ്ദേഹം തന്റെ ആമുഖ പ്രസംഗത്തിൽ വ്യക്തമാക്കി. അസോസിയേഷൻ പ്രസിഡന്റ് ജയശങ്കർ പാലിശ്ശേരി അധ്യക്ഷത വഹിച്ചു. ഒരു സംരംഭകന്റെ വിജയം സ്വന്തം ബിസിനസിന്റെ വളർച്ചയിൽ മാത്രം ഒതുങ്ങുന്നില്ലെന്നും, അത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സമൂഹത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും വളർച്ചയ്ക്ക് കരുത്തേകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ച മന്ത്രി അഡ്വ. ഒ. ജെ. ജനീഷ്, കേരളത്തിന്റെയും ഗൾഫ് രാജ്യങ്ങളുടെയും സാമ്പത്തിക-സാമൂഹിക വളർച്ചയിൽ പ്രവാസി സമൂഹം വഹിക്കുന്ന നിർണായക പങ്കിനെ അഭിനന്ദിച്ചു. സ്പോർട്സ് മേഖലയിലെ ബിസിനസ് സാധ്യതകൾ, യുവ സംരംഭകത്വം, പ്രവാസലോകത്തിന്റെ പങ്കാളിത്തം തുടങ്ങിയ വിവിധ വിഷയങ്ങളിലും അദ്ദേഹം സദസ്സുമായി ആശയങ്ങൾ പങ്കുവെച്ചു.
വ്യത്യസ്ത ബിസിനസ് മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച പ്രമുഖർ ചടങ്ങിൽ ‘NAVADISA Business Excellence Awards 2026’ ഏറ്റുവാങ്ങി. ഷൈസൽ യൂസഫ് , ഫൗഷിത ഇ.ബി. , ജഗജിത് പ്രഭാകരൻ ), അനിൽ കുമാർ ഭാസ്കരൻ , ലിജു ജോസഫ്, നിഷാദ് ഷജീൻ , അഹമ്മദ് കെ. മുഹമ്മദ് , നജീബ് സി.പി. , ജോസഫ് സാമുവൽ എന്നിവർ പുരസ്കാരങ്ങൾ കരസ്ഥമാക്കി.
പ്രവാസി സമൂഹത്തിനായി നാല്പത്തിയഞ്ച് വർഷത്തിലേറെയായി നടത്തിയ സമർപ്പിത സേവനങ്ങൾക്കും സാമൂഹിക പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമായി ‘വ്യവസായി ഇ.എം. ബദറുദ്ദീനെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. വ്യവസായ രംഗത്തെ മികവിനൊപ്പം നിരവധി സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നൽകിയ നേതൃത്വവും പിന്തുണയും സമൂഹത്തിന് മാതൃകയാണെന്ന് ചടങ്ങ് വിലയിരുത്തി.
അസോസിയേഷൻ ട്രഷറർ മുഹമ്മദ് അലി, പ്രോഗ്രാം കൺവീനർ ഷൈജു വേത്തോട്ടിൽ, കോ-കൺവീനർമാരായ ഡേവിസ് കൊള്ളന്നൂർ, ശ്യാം കോമത്ത്, ബിജു അമ്പാടി, ജിബു ഉസ്മാൻ, വിനോദ്, ക്ലിന്റ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വനിതാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബബിത ശ്യാം, സജ്ന സക്കീർ, ഡോ. താര ജയശങ്കർ, നീതു ബിജു, അയന എന്നിവരും സജീവ പങ്കാളിത്തം വഹിച്ചു.
ഒമാനിലെ ബിസിനസ്, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും മാധ്യമ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. “വിജയിച്ചവരെ ആദരിക്കാം... മുന്നേറുന്നവരെ പ്രോത്സാഹിപ്പിക്കാം... പുതിയ തലമുറയ്ക്ക് പ്രചോദനമാകാം...” എന്ന സന്ദേശമുയർത്തിപ്പിടിച്ച് സംഘടിപ്പിച്ച പരിപാടിയുടെ ഒടുവിൽ ഡേവിസ് കൊള്ളന്നൂർ നന്ദി രേഖപ്പെടുത്തി.
Content Highlights: Thrissur Association Muscat organized the NAVADISA 2026 Business Excellence Meet at Muscat Sheraton Hotel., Kerala Minister for Youth Affairs and Sports, Adv. O. J. Jeneesh, inaugurated the event., NAVADISA Business Excellence Awards 2026 were presented to prominent entrepreneurs and business leaders in Oman., E.M. Badarudeen was specially honored for his 45+ years of dedicated service and contributions to the expatriate community.
Published: 15 Sept 2026, 11:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented