ദുബായ്: ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാൻ ഒമാനിൽ ഇന്ന് നടക്കേണ്ടിയിരുന്ന നിർണ്ണായക ചർച്ച മാറ്റിവെച്ചു. ചർച്ചയിൽ പങ്കെടുക്കാൻ പല ഗൾഫ് രാജ്യങ്ങളും തയ്യാറാകാത്ത സാഹചര്യത്തിലാണ് അവസാന നിമിഷത്തിൽ ചർച്ച മാറ്റിവെച്ചത്.

To advertise here,

ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനെ കുറിച്ചും സംഘർഷം അവസാനിപ്പിക്കുന്നതിനെ കുറിച്ചും ഒമാനിലെ സലാലയിലാണ് ഇന്ന് നിർണ്ണായക ചർച്ച നടക്കേണ്ടിയിരുന്നത്. സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, ഒമാൻ, യുഎഇ എന്നീ ആറ് ഗൾഫ് രാജ്യങ്ങളെയും ഇറാഖിനെയുമാണ് ചർച്ചയിലേക്ക് ഇറാൻ ക്ഷണിച്ചത്. ഇറാനിൽ നിന്ന് അടക്കം എട്ട് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ചർച്ചയിൽ പങ്കെടുക്കുമെന്നും സംയുക്ത കരാർ ഉണ്ടാകുമെന്നും ഇറാൻ പ്രസിഡന്റെ മസൂദ് പെസഷ്‌കിയാൻ, ബ്രികിസ് ഉച്ചകോടിക്കിടെ ഇന്ത്യൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലും പറഞ്ഞിരുന്നു. എന്നാൽ, ചർച്ചയ്ക്കില്ലെന്ന് ബഹ്‌റൈൻ പരസ്യമായി പ്രഖ്യാപിച്ചു. ആക്രമണവും ചർച്ചയും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയില്ലെന്നും ബഹ്‌റൈൻ വ്യക്തമാക്കി. ഇതോടൊപ്പം കൂടുതൽ ഗൾഫ് രാജ്യങ്ങൾ പിൻമാറിയതോടെയാണ് ചർച്ച മാറ്റിവെയ്‌ക്കേണ്ടി വന്നത്. ഒമാനുമായി കൂടിയാലോചിച്ചാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തതെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു

അതേസമയം തെക്കൻ ഇറാനിലെ സിരിക്ക് തീരത്ത് പുലർച്ചെ ആക്രമണം ഉണ്ടായി. ഇവിടെനിന്നും ഉഗ്രസ്‌ഫോടന ശബ്ദം കേട്ടതായും റിപ്പോർട്ടുണ്ട്. യെമനിലെ ഹൂതികൾക്ക് നേരെ സൗദി അറേബ്യയിൽ നിന്നും ആക്രമണം ഉണ്ടായതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ അൻപതോളം ആക്രമണങ്ങൾ ഉണ്ടായെന്നാണ് ഹൂതികൾ പറയുന്നത്. ചെങ്കടലിലെ കൂടുതൽ പ്രദേശങ്ങൾ ഹൂതി വിമതർ പിടിച്ചെടുത്തു. സംഘർഷം രൂക്ഷമായ യെമനിൽ നിന്നും ആയിരകണക്കിന് പേർ തൊട്ടടുത്ത ജിബൂട്ടിയിലേക്ക് പലായനം ചെയ്യുന്നതായും റിപ്പോർട്ടുണ്ട്.